ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഋഷി സുനക് ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിലെത്തി സുനക് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക സ്ഥിരക ഉറപ്പാക്കലാണ് പ്രധാനലക്ഷ്യമെന്ന് പറഞ്ഞ സുനക് കടുപ്പമേറിയ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും നല്‍കി.

ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. രണ്ട് നൂറ്റാണ്ടിനിടയില്‍ ബ്രിട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സുനക്. ഇന്ത്യയിലാണ് ഋഷി സുനകിന്റെ വേരുകള്‍. പഞ്ചാബില്‍ നിന്നും ബ്രിട്ടണിലേക്ക് കുടിയേറിയ കുടുംബത്തിലെ മൂന്നാം തലമുറ അംഗമാണ് ഋഷി.

പഞ്ചാബിലാണ് ഋഷി സുനക്കിന്റെ കുടുംബ വേരുകള്‍. പഞ്ചാബില്‍ ജനിച്ച്, തുടക്കത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. ബ്രിട്ടനില്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു അവര്‍. ഋഷിയുടെ മാതാപിതാക്കള്‍ ഉഷയും യശ്വീരും ബ്രിട്ടനിലാണു ജനിച്ചത്. ഇവരുടെ മൂത്തമകനായി 1980 മേയ് 12നാണ് ജനനം.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകന്‍ കൂടിയാണ് ഋഷി സുനക്. 42 കാരനായ ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയായിരുന്നു ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും എംബിഎ നേടി.