മിസോറി: വിദ്യാർഥികളിലും രക്ഷിതാക്കളിലും ഭീതിവിതച്ച് അമേരിക്കയിലെ ഒരു സ്കൂളിൽ കൂടി മരണത്തിന്റെ വെടിപ്പുക ഉയർന്നു. യു.എസ് സംസ്ഥാനമായ മിസോറിയിലെ ഹൈസ്‌കൂളിൽ തിങ്കളാഴ്ച രാവിലെ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീയും കൗമാരക്കാരിയും കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.

സെന്റ് ലൂയിസിലെ സെൻട്രൽ വിഷ്വൽ ആൻഡ് പെർഫോമിങ് ആർട്‌സ് ഹൈസ്‌കൂളിലാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഭയന്നുവിറച്ച വിദ്യാർഥികൾ ജീവൻ രക്ഷിക്കാൻ ക്ലാസ് മുറികളിലും കെട്ടിട മറവുകളിലും ഒളിച്ചു. ചിലർ ജനാലകളിലൂടെ ചാടുകയും സ്കൂളിന് പുറത്തേക്ക് ഓടുകയും ചെയ്തു.

വെടിവെച്ചയാൾക്ക് ഏകദേശം 20 വയസ്സുണ്ടെന്ന് പൊലീസ് കമ്മീഷണർ മൈക്കൽ സാക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പ്രതിയുടെയോ ഇരകളുടെയോ പേര് പുറത്തുവിട്ടിട്ടില്ല. വെടിയുതിർത്തയാളെ മുഖാമുഖം കണ്ടതായി വെടിവെപ്പിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.