വാഷിങ്ടൺ ഡി.സി: ഹോളിവുഡ് ഹാസ്യ നടൻ ലെസ്ലി ജോർഡൻ (67) യു.എസിലെ കലിഫോർണിയയിൽ കാറപകടത്തിൽ മരിച്ചു. ടെലിവിഷൻ കോമഡി പരമ്പരയായ വിൽ ആൻഡ് ഗ്രേസിലൂടെയും, അമേരിക്കൻ ഹൊറർ സ്റ്റോറി, കാൾ മി കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. അവസാന കാലത്ത് സമൂഹമാധ്യമങ്ങളിലും താരമായിരുന്നു.

ലെസ്ലി ജോർഡൻ ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിക്കുകയായിരുന്നെന്നും നടൻ സംഭവസ്ഥലത്തു തന്നെ മരിച്ചെന്നും പൊലീസ് പറഞ്ഞു.

വിൽ ആൻഡ് ഗ്രേസിലെ അഭിനയത്തിന് 2006ൽ എമ്മി പുരസ്കാരം ലഭിച്ചു. കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ലെസ്ലി ജോർഡന് ഇൻസ്റ്റഗ്രാമിൽ 58 ലക്ഷം ഫോളോവേഴ്സുണ്ട്. നടന്‍റെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.