ആഗസ്റ്റ് 28നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മൻ കി ബാത്ത് അരങ്ങേറിയത്. പ്രധാനമന്ത്രി ആയതിന് ശേഷം വാർത്താ സമ്മേളനങ്ങൾ നടത്തുന്നതിന് പകരമാണ് മാസത്തിൽ ഒരിക്കൽ മോദി റേഡിയോ പ്രഭാഷണം നടത്തുന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങൾ സുദീർഘമായി അദ്ദേഹം ഈ റേഡിയോ പ്രഭാഷണത്തിലൂടെ പറയും. ദേശീയ പോഷകാഹാര മാസത്തെ സംബന്ധിച്ച് ആയിരുന്നു 92-ാം പതിപ്പിൽ മൻകീ ബാത്ത് പ്രഭാഷണം. ഇതിൽ പോഷകാഹാരക്കുറവ് പരിഹരിക്കാൻ ഭജന ആലപിക്കണം എന്ന് മോദി പ്രസംഗിച്ചു എന്ന തലക്കെട്ടിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രമുഖർ രംഗത്തുവന്നിരുന്നു. ഉപശാല യൂനിവേഴ്സിറ്റി പ്രഫസർ പങ്കജ് സ്വയിൻ അടക്കമുള്ളവർ മോദി വിഡ്ഡിത്തം വിളമ്പുന്നത് ഉപേക്ഷിക്കണം എന്ന് ആവശ്യ​പ്പെട്ടിരുന്നു.

പോഷകാഹാരക്കുറവ് തുടച്ചുനീക്കുന്നതിനായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നൂതനമായ പ്രചാരണങ്ങൾ എങ്ങനെ നടപ്പാക്കുന്നു എന്നതുൾപ്പെടെയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി അര മണിക്കൂർ നീണ്ട പ്രസംഗത്തിൽ സംസാരിച്ചു. 

ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ സെന്റർ ഓഫ് സോഷ്യൽ മെഡിസിൻ ആൻഡ് കമ്മ്യൂണിറ്റി ഹെൽത്തിലെ പി.എച്ച്‌.ഡി സ്‌കോളർ പങ്കജ് കുമാർ മിശ്ര എഴുതിയ ലേഖനം ദി വയർ ട്വിറ്ററിൽ ഷെയർ ചെയ്തു. “പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പോഷകാഹാരക്കുറവ് കുറയ്ക്കുന്നതിനുള്ള പരിഹാരങ്ങളുടെ ഭാഗമാകാൻ ഭജനകൾക്ക് കഴിയും. ഈ ട്വീറ്റിന് 1400ലധികം ലൈക്കുകളും 400ലധികം റീട്വീറ്റുകളും ലഭിച്ചു.

ഇതുസംബന്ധിച്ച മോദിയുടെ പ്രഭാഷണത്തിലെ ഭാഗം: 

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അസമിലെ ബൊംഗായിഗാവില്‍ ശ്രദ്ധാര്‍ഹമായ ഒരു പദ്ധതി പ്രവര്‍ത്തിക്കുന്നു- പ്രോജക്റ്റ് സമ്പൂര്‍ണ. പോഷകാഹാരക്കുറവിനെതിരെ പോരാടുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം, ഈ പോരാട്ടത്തിന്റെ രീതിയും വളരെ സവിശേഷമാണ്. ഇതിന് കീഴില്‍, അങ്കണവാടിയിലെ ആരോഗ്യമുള്ള ഒരു കുട്ടിയുടെ അമ്മ എല്ലാ ആഴ്ചയും പോഷകാഹാരക്കുറവുള്ള ഒരു കുട്ടിയുടെ അമ്മയെ കാണുകയും പോഷകാഹാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു.

അതായത്, ഒരു അമ്മ മറ്റൊരു അമ്മയുടെ സുഹൃത്തായി മാറുന്നു, അവളെ സഹായിക്കുന്നു, അവളെ പഠിപ്പിക്കുന്നു. ഈ പദ്ധതിയുടെ സഹായത്തോടെ, ഈ മേഖലയില്‍, ഒരു വര്‍ഷത്തിനുള്ളില്‍, 90 ശതമാനത്തിലധികം കുട്ടികളുടെ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ കഴിഞ്ഞു. പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ പാട്ടും സംഗീതവും സ്തുതിഗീതങ്ങളും ഉപയോഗിക്കാനാകുമോ? മധ്യപ്രദേശിലെ ദതിയ ജില്ലയില്‍ ‘മേരാ ബച്ചാ അഭിയാന്‍’ പരിപാടിയില്‍ ഇത് വിജയകരമായി പരീക്ഷിച്ചു. 

ഇതിന് കീഴില്‍, ജില്ലയില്‍ ഭജന-കീര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു, അതില്‍ പോഷകാഹാര ഗുരുക്കള്‍ എന്ന് വിളിക്കപ്പെടുന്ന അധ്യാപകരെ വിളിച്ചു. സ്ത്രീകള്‍ ഒരുപിടി ധാന്യം അങ്കണവാടിയിലേക്ക് കൊണ്ടുവരികയും ഈ ധാന്യം ഉപയോഗിച്ച് ശനിയാഴ്ചകളില്‍ ‘ബാല്‍ഭോജ്’ സംഘടിപ്പിക്കുകയും ചെയ്യുന്ന മട്കാ പരിപാടിയും നടന്നു. ഇങ്ങനെ അങ്കണവാടികളില്‍ കുട്ടികളുടെ ഹാജര്‍ വര്‍ധിച്ചതോടെ പോഷകാഹാരക്കുറവും കുറഞ്ഞു. പോഷകാഹാരക്കുറവിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഝാര്‍ഖണ്ഡില്‍ തികച്ചും സമാനതകളില്ലാത്ത ഒരു പ്രചരണവും നടക്കുന്നു. ഝാര്‍ഖണ്ഡിലെ ഗിരിദിഹിലാണ് പാമ്പ്-ഏണി കളി ഒരുക്കിയിരിക്കുന്നത്. ഈ കളിയിലൂടെ കുട്ടികള്‍ നല്ലതും ചീത്തയുമായ ശീലങ്ങളെ കുറിച്ച് പഠിക്കുന്നു. 

സുഹൃത്തുക്കളേ, പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട നിരവധി നൂതന പരീക്ഷണങ്ങളെക്കുറിച്ചാണ് ഞാന്‍ നിങ്ങളോട് പറയുന്നത്, കാരണം വരുംമാസത്തില്‍ നാമെല്ലാവരും ഈ പ്രചാരണത്തില്‍ ചേരേണ്ടതുണ്ട്. സെപ്തംബര്‍ മാസം ഉത്സവങ്ങള്‍ക്കും പോഷകാഹാരവുമായി ബന്ധപ്പെട്ട ഒരു വലിയ പ്രചാരണത്തിനും സമര്‍പ്പിക്കുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നമ്മള്‍ പോഷണമാസം ആഘോഷിക്കുന്നു. പോഷകാഹാരക്കുറവിനെതിരെ ക്രിയാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ നിരവധി ശ്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്നു. 

സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗവും പൊതുജന പങ്കാളിത്തവും പോഷകാഹാര പ്രചാരണത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് അങ്കണവാടി ജീവനക്കാര്‍ക്ക് മൊബൈല്‍ ഉപകരണങ്ങള്‍ നല്‍കുന്നത് മുതല്‍, അങ്കണവാടി സേവനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കാന്‍ പോഷന്‍ ട്രാക്കറും ആരംഭിച്ചു. പുരോഗതി പ്രതീക്ഷിക്കുന്ന എല്ലാ ജില്ലകളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും 14 മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍മക്കളെ പോഷണ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. 

പോഷകാഹാരക്കുറവിന്റെ പ്രശ്നത്തിനുള്ള പരിഹാരം ഈ ഘട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല – ഈ പോരാട്ടത്തില്‍, മറ്റ് പല സംരംഭങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാഹരണത്തിന്, ജല്‍ ജീവന്‍ മിഷനെ എടുക്കുക, ഇന്ത്യയെ പോഷകാഹാരക്കുറവില്‍ നിന്ന് മുക്തമാക്കുന്നതില്‍ ഈ ദൗത്യവും വലിയ സ്വാധീനം ചെലുത്തും. പോഷകാഹാരക്കുറവിന്റെ വെല്ലുവിളികളെ നേരിടുന്നതില്‍ സാമൂഹിക അവബോധ ശ്രമങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വരുന്ന പോഷകാഹാര മാസത്തില്‍ മാല്‍ന്യൂട്രീഷന്‍ അല്ലെങ്കില്‍ പോഷകാഹാരക്കുറവ് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളാകാന്‍ ഞാന്‍ നിങ്ങളെല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.