കെയ്റോ: ഈജിപ്റ്റിന്‍റെ തലസ്ഥാനമായ കെയ്റോയിൽ കോപ്റ്റിക് ക്രിസ്ത്യൻ പള്ളിയിലുണ്ടായ തീപിടിത്തത്തിൽ 41 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇംബാബയിലെ അബു സിഫീൻ പള്ളിയിലാണ് തീപിടിത്തമുണ്ടായത്.

ഞായറാഴ്ച ഉച്ചയ്ക്ക് പള്ളിയിൽ പ്രാർഥന നടക്കുമ്പോഴാണ് തീപടർന്നത്. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽസിസി അനുശോചിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യൻ സമൂഹമാണ് കോപ്റ്റുകൾ. ഈജിപ്തിൽ ആകെ ജനസംഖ്യയുടെ 10 ശതമാനം ക്രിസ്ത്യൻ മതവിഭാഗങ്ങളാണ്.