ഇടുക്കി: എങ്ങനെയെങ്കിലും അടിച്ചുകൊടുത്താല്‍ മതിയെന്നായിരുന്നു കുടുംബശ്രീയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സംഗതി പണി പാളിപ്പോയി. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ ഇടുക്കിയില്‍ വിതരണം ചെയ്തത് അളവുകളിലെ നിബന്ധന പാലിക്കാതെയുള്ള പതാകകള്‍.

തെറ്റു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ലക്ഷത്തിലധികം പതാകകള്‍ കുടുംബശ്രീക്ക് തിരികെ വാങ്ങേണ്ടിവന്നു. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകള്‍ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നല്‍കേണ്ടി വന്നു.

ആദ്യഘട്ടമായി ഒരു ലക്ഷത്തി ഇരുപതിനായിരം പതാകകള്‍ എത്തിച്ചത്. കലക്ടറേറ്റില്‍ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ രണ്ടു ലക്ഷത്തിലധികം പതാകകള്‍ക്കാണ് കുടുംബശ്രീക്ക് ഓര്‍ഡര്‍ ലഭിച്ചത്.