ലോകപ്രശസ്ത അമേരിക്കന്‍ മോഡലും സെലബ്രിറ്റിയും ബിസിനസ് സംരംഭകയുമായ കിം കര്‍ദാഷിയാനായിരുന്നു അവളുടെ റോള്‍ മോഡല്‍.  അവരപ്പോലെയാവണമെന്നായിരുന്നു അവളുടെ ആഗ്രഹം. കഴിഞ്ഞ 12 വര്‍ഷമായി അവര്‍ അതിനുള്ള ശ്രമങ്ങളിലായിരുന്നു. അതിനായി അവള്‍ ചെയ്ത കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്. 4.7 കോടി രൂപ മുടക്കി 40 ശസ്ത്രക്രിയകള്‍. അങ്ങനെ ആരു കണ്ടാലും കിം കര്‍ദാഷിയാനെപോലെ തോന്നിക്കുന്ന ശരീരമായി അവള്‍ മാറി. കിം ഇരട്ട എന്ന് പരക്കെ അറിയപ്പെട്ടു. എന്നാലിപ്പോള്‍ അവള്‍ മറ്റൊരു ശ്രമത്തിലാണ്. കിം കര്‍ദാഷിയാന്റെ രൂപസാദൃശ്യമുള്ള ശരീരത്തെ പഴയതുപോലെ തന്റെ ശരീരമാക്കി മാറ്റാനുള്ള ശ്രമം. അതിനായി, 120000 ഡോളര്‍ (95 ലക്ഷം രൂപ) മുടക്കി വീണ്ടും ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു അവള്‍. ധനനഷ്ടവും ശസ്ത്രക്രിയകള്‍ നല്‍കിയ വേദനയുമെല്ലാം കൂട്ടുണ്ടെങ്കിലും താനിപ്പോള്‍ സ്വന്തം രൂപത്തിലേക്കുള്ള തിരിച്ചുപോക്ക് ഏറെ സന്തോഷം തരുന്നതായി അവള്‍ പറയുന്നു. 

ഇത് ജെനിഫര്‍ പാംപലോനയുടെ കഥയാണ്. ബ്രസീലിയന്‍ മോഡലും  ബിസിനസ് സംരംഭകയുമായ ഈ 29-കാരിയുടെ ജീവിതം സിനിമാക്കഥ പോലെ വിചിത്രമാണ്. 

17 വയസ്സുള്ളപ്പോഴാണ് കിം കര്‍ദാഷിയാനെ പോലായി മാറാനുള്ള ശസ്ത്രക്രിയകളിലേക്ക് അവള്‍ കടന്നത്. അന്ന് കിം പ്രശസ്തിയിലേക്ക് വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ശരിക്കു പറഞ്ഞാല്‍ ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അവള്‍ കിമ്മിന്റെ കടുത്ത ആരാധികയായി മാറുന്നത്. അതിനുശേഷമാണ്, കിമ്മിന്റെ ശരീര വടിവ് ഉണ്ടാക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവള്‍ തീരുമാനിച്ചത്. ഇതിനായി, അരയ്ക്കു താഴെ മാത്രം മൂന്ന് റിനോപ്ലാസ്റ്റി ശസ്ത്രക്രിയകളും എട്ട് മറ്റ് ശസ്ത്രക്രിയകളും വേണ്ടിവന്നു. നിതംബം ഇംപ്ലാന്റ് ചെയ്യല്‍, കൊഴുപ്പു കൂട്ടാനുള്ള ഇഞ്ചക്ഷനുകള്‍ എന്നിങ്ങനെ 40 ശസ്ത്രക്രിയകള്‍ അവളുടെ ശരീരത്തില്‍ നടന്നു. 

കിര്‍ കര്‍ദാഷിയാനെപ്പോലുണ്ട് എന്ന് നാട്ടുകാരെല്ലാവരും പറഞ്ഞു തുടങ്ങിയ കാലത്ത് താനേറെ സന്തുഷ്ടയായിരുന്നുവെന്ന് അവള്‍ പറയുന്നു. ”എല്ലാവരും എന്നെ കിമ്മിന്റെ ഇരട്ട എന്നു വിളിച്ചു. ആളുകള്‍ അന്തംവിട്ട് എന്നെ നോക്കിനിന്നു. എല്ലാവരും എന്നെ കാണുമ്പോള്‍ കിമ്മിനെ കുറിച്ചുമാത്രം പറഞ്ഞു. ഞാന്‍ എന്ന വ്യക്തിയേ ഇല്ലാതായിക്കഴിഞ്ഞു എന്ന് ഞാന്‍ മനസ്സിലാക്കുന്നത് വൈകിയാണ്. പുറമേ മാത്രമാണ് എനിക്ക് 
സന്തോഷമുണ്ടായത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഉള്ളില്‍, ഞാന്‍ ഞാനല്ലാതായി മാറി എന്ന സങ്കടം വന്നു പൊതിഞ്ഞു. അങ്ങനെയാണ് ഞാന്‍ എന്നെപ്പോലെയാവാന്‍ ആലോചിച്ചു തുടങ്ങിയത്. വീണ്ടും ശസ്ത്രക്രിയകളിലേക്ക് നീങ്ങിയത്. ഇത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് എല്ലാവരും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, എനിക്ക് ഞാനായേ പറ്റുമായിരുന്നുള്ളൂ…”കാറ്റേഴ്‌സ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  ജെനിഫര്‍ പാംപലോന പറഞ്ഞു. 

കിമ്മിനെ പോലെ ആയതോടെ ജെന്നിഫറിന്റെ ജീവിതം ആകെ മാറിമറിഞ്ഞിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അവളെക്കുറിച്ച് വാര്‍ത്തകള്‍ വന്നു. എവിടെ ചെന്നാലും തിരിച്ചറിയാന്‍ തുടങ്ങി. ഇന്‍സ്റ്റഗ്രാമില്‍ പത്തു ലക്ഷത്തിലേറെ ഫോളാവേഴ്‌സ് ഉണ്ടായി. എന്നാല്‍, കുറച്ചു കാലം കഴിഞ്ഞതോടെ ഇതൊന്നും അവളെ സന്തോഷിപ്പിക്കാതായി. ”ഞാന്‍ ശസ്ത്രക്രിയകള്‍ക്ക് അടിമയായിക്കഴിഞ്ഞു എന്ന് എനിക്ക് ബോധ്യമായി. ഏതോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിരത്തിവെച്ച ഒരു ഷോപീസായി മാറുകയാണ് ഞാനെന്നും എനിക്ക് ബോധ്യമായി.”-അവള്‍ പറയുന്നു. 

ശരീരത്തിനെക്കുറിച്ച് സദാബോധവതിയാവുന്ന മാനസിക പ്രശ്‌നങ്ങളിലേക്കാണ് ഈ അവസ്ഥ കൊണ്ടുചെന്നെത്തിച്ചതെന്ന്  അവര്‍ പറയുന്നു. സ്വയം പഴിക്കാന്‍ തുടങ്ങി. കിമ്മിനെ പോലുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ ദേഷ്യവും സങ്കടവും വരാന്‍ തുടങ്ങി. അങ്ങനെയാണ്, ഈ രൂപം മാറ്റി തന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് തിരിച്ചുപോവണമെന്ന് അവള്‍ ആഗ്രഹിച്ചത്. പിന്നീട് അതിനായുള്ള ശ്രമങ്ങളായിരുന്നു. 

ടര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലുള്ള ഒരു ഡോക്ടെറയൊണ് ജെന്നിഫര്‍ ഇതിനായി സമീപിച്ചത്. പഴയ രൂപത്തിലാക്കി മാറ്റാമെന്ന് അദ്ദേഹം അവള്‍ക്ക് ഉറപ്പുനല്‍കി. അങ്ങനെ വീണ്ടും നിരവധി ശസ്ത്രക്രിയകള്‍. ”എല്ലാം കഴിഞ്ഞ് കണ്ണാടിയില്‍ ഞാനെന്റെ രൂപം കണ്ടു. അത് പഴയ ഞാനായിരുന്നു. അതിലും വലിയ സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല. ഓപ്പറേഷന്‍ തിയറ്ററില്‍ കയറിപ്പോയ ഞാനായിരുന്നില്ല തിരിച്ചുവന്നത്.”-ജെന്നിഫര്‍ പറയുന്നു. 

എന്നാല്‍, ഇതത്ര എളുപ്പമായിരുന്നില്ല. തിരിച്ചുപോക്കിനുള്ള ശസ്ത്രക്രിയകള്‍ അവളുടെ ശരീരത്തെ ഗുരുതരമായി ബാധിച്ചിരുന്നു. കവിളില്‍നിന്നും രക്തപ്രവാഹം തുടങ്ങി. മൂന്ന് ദിവസത്തോളം അതു നീണ്ടുനിന്നു. ”മരിച്ചുപോവുകയാണെന്ന് ഞാന്‍ കരുതി. എങ്കിലും ഞാനെന്നെക്കുറിച്ച് തന്നെ ചിന്തിച്ചു. എന്റെ ജീവിതം കൊണ്ട് ഞാനെന്ത് ഭ്രാന്താണ് കാണിക്കുന്നതന്ന് ആലോചിച്ചു. എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ ഭേദമാവുന്നുണ്ട്. ഇപ്പോഴും നീര്‍ക്കെട്ടും ചതവുകളുമൊക്കെയുണ്ട്. ശസ്ത്രക്രിയയുടെ അന്തിമ ഫലങ്ങള്‍ വവരാനിരിക്കുന്നതേയുള്ളൂ. എന്നാലും, ഇത്രയേറെ വേദന സഹിച്ചാലും പഴയതു പോലൊയാവുകയാണല്ലോ ഞാന്‍ എന്നത് എനിക്ക് അത്ര വിലപ്പെട്ട കാര്യമാണ്. ”-ജെന്നിഫര്‍ പറയുന്നു.