രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പല സംസ്ഥാനങ്ങളില്‍ പല നിലപാടെടുക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുന്നു. ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടികളുമായി പോകുന്ന ഇഡി സ്വര്‍ണ്ണക്കടത്തില്‍ നിലപാട് മയപ്പെടുത്തുന്നതില്‍ നിയമ വൃത്തങ്ങളില്‍ പോലും സംശയമുയരുകയാണ്. ഇഡി തന്നെ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ടൊഴിവാക്കുന്നുവെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യവും ദേശീയ തലത്തില്‍ ചര്‍ച്ചയാവുകയാണ്

രാഷ്ട്രീയം നോക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇടപെടുന്നുവെന്ന ആക്ഷേപമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമാക്കുന്നത്. കേസെടുക്കുന്നതിലും , അറസ്റ്റടക്കമുള്ള തുടര്‍ നടപടികളിലെ വേഗതയിലും രാഷ്ട്രീയ സമ്മര്‍ദ്ദം ഇഡിയെ ഭരിക്കുന്നുണ്ടോ..ഇതാണ് ഉയരുന്ന ചോദ്യം.

ഏറ്റവുമൊടുവില്‍ ചര്‍ച്ചകളില്‍ നിറയുന്ന നാഷണല്‍ ഹെറാള്‍ഡ് കേസ്. 2015ല്‍ തെളിവില്ലെന്ന് കണ്ട് ഇഡി അടച്ച കേസ് ഡയറി ബിജെപി മുന്‍ എംപി സുബ്രഹമ്ണ്യന്‍ സ്വാമി പ്രധാനമന്ത്രിയെ കണ്ട് പരാതി നല്‍കുന്നതോടെ വീണ്ടും തുറക്കുന്നു. തുടര്‍നടപടിയെന്നോണം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നു.സോണിയ ഗാന്ധിക്ക് നോട്ടീസ് നല്‍കുന്നു.

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍. കൊല്‍ക്കത്ത ആസ്ഥാനമായ സ്ഥാപനം വഴി നടന്ന ഹവാല ഇടപാടില്‍ സത്യേന്ദ്ര ജയിന് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നു. വൈകാതെ അറസ്റ്റും.

കേന്ദ്രസര്‍ക്കാരിന്‍റെയും പ്രധാനമന്ത്രിയുടെയും നിരന്തര വിമര്‍ശകനായ എന്‍സിപി നേതാവ് നവാബ് മാലിക്കിനെ 1993ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് നടക്കട്ടെയെന്നും തെളിവ് താന്‍ നല്‍കാമെന്നുമുള്ള ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രതികരണവും ഏറെ ചര്‍ച്ചയായിരുന്നു

കശ്മീരില്‍ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ സഹോദര പുത്രന്‍ അഭിഷേക് ബാനര്‍ജി, ഇഡി അന്വേഷണ പരിധിയിലുള്ളവരുടെ പട്ടിക നീളുകയാണ്.

ഈ ഘട്ടത്തിലാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മെല്ലെപ്പോക്ക് ചര്‍ച്ചയാകുന്നത്. പ്രതികളുടെ മൊഴി ആദ്യഘട്ടമെടുക്കുകയും, പീന്നീട് സ്വപ്നസുരേഷിന്‍റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നിട്ടും അന്വേഷണം ഏത് ദിശയിലെന്ന കാര്യത്തില്‍ ഇഡി തല്‍ക്കാലം സൂചനകള്‍ നല്‍കുന്നില്ല. ചോദ്യം ചെയ്യാന്‍ മതിയായ സാഹചര്യം മുന്‍പിലുണ്ടായിട്ടും മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരിലേക്ക് അന്വേഷണം നീളാത്തതില് അവ്യക്തയുണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം നിലവില്‍ വന്ന് കഴിഞ്ഞ ഫെബ്രുവരി വരെ നാലായിരത്തി എഴുനൂറ് കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 313 കേസുകളില്‍ മാത്രമാണ് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് പോയിരിക്കുന്നത്. അറസ്റ്റിലായവരില്‍ നാല്‍പത് ശതമാനത്തോളം രാഷ്ട്രീയ നേതാക്കളാണെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പരാതി കിട്ടി പരമാവധി വേഗത്തില്‍ നടപടിയെടുത്തിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിസാഹചര്യത്തില്‍ കൂടിയാണ് ചില കേസുകളിലെ മെല്ലെപ്പോക്ക് ചര്‍ച്ചയാകുന്നത്.