ദില്ലി; രാജ്യസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കി കഴിഞ്ഞു. കഴിഞ്ഞ തവണത്തേത് പോലെ എൻ ഡി എയിൽ നിന്ന് അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം മറുവശത്ത് പ്രതിപക്ഷം ആരെ പരിഗണിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സംയുക്ത സ്ഥാനാർഥിയായി പരിഗണിക്കുന്നവരിൽ എൻസിപി നേതാവ്‌ ശരദ്‌ പവാറും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ആം ആദ്മി നേതാവും എംപിയുമായ സഞ്ജയ് സിംഗ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയത് ഈ നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോർട്ടുകൾ. 

വൈകീട്ട് നാല് മണിയോടെയായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ഇരു നേതാക്കളും കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചില്ലേങ്കിലും ശരദ് പവാർ എത്തിയാൽ പിന്തുണയ്ക്കാമെന്ന നിലപാടാണ് സഞ്ജയ് സിംഗ് പങ്കുവെച്ചതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിനോട് പവാറും അനുകൂല നിലപാടാണെന്നാണ് വിവരം. എന്നാൽ ഇത്തരം ചർച്ചകൾ സംബന്ധിച്ച് അദ്ദേഹം മൗനം തുടരുകയാണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നേരത്തേ ശരദ് പവാറുമായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു കൂടാതെ 15 ന് തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രതിപര്ഷ നേതാക്കളുടെ യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. പിണറായി വിജയൻ, അരവിന്ദ് കെജരിവാൾ, നവീൻ പട്നായിക്, എംകെ സ്റ്റാലിൻ, ഉദ്ധവ് താക്കറെ, കെ ചന്ദ്രശേഖര റാവു, ഹേമന്ദ് സോറൻ, ഭാഗാവന്ത് മൻ തുടങ്ങിയ നേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. കൂടാതെ കോൺഗ്രസ്, എൻ സി പി, രാഷ്ട്രീയ ജനതാദൾ, സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ലോക്ദൾ, സി പി എം, സി പി ഐ, ജെ ഡി എസ് എന്നിങ്ങനെ പ്രതിപക്ഷ പാർട്ടികളുടെ അധ്യക്ഷൻമാർക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. എന്നാൽ ഇവരിൽ ആരൊക്കെ യോഗത്തിൽ പങ്കെടുക്കുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.

നേരത്തേ പ്രതിപക്ഷ സഖ്യത്തിന് ആദ്യം മുൻകൈയെടുത്ത ടി ആർ എസ് നേതാവ് ചന്ദ്രശേഖർ റാവു ഉൾപ്പെടെ ഇതുവരേയും യോഗത്തിനുള്ള ക്ഷണത്തോട് പ്രതികരിക്കാത്തത് പ്രതിപക്ഷ ക്യാമ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. വല്യേട്ടൻ മനോഭാവം പുലർത്തുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന നിലപടാിലാണ് കെ സി ആർ അടക്കമുള്ള നേതാക്കൾ. എന്നാൽ എൻ സി പി അധ്യക്ഷനെ സ്ഥാനാർത്ഥിയാക്കിയാൽ കെ സി ആറും നിലപാട് മയപ്പെടുത്തിയേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എയെ ആയിരുന്നു കെ സി ആർ പിന്തുണച്ചിരുന്നത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിയെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് നായിഡു.

പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 5,40,000 വോട്ടുമൂല്യമാണ് ഉള്ളത്. അതേസമയം എൻ ഡി എയെ സംബന്ധിച്ച് 4,90,000 വോട്ടുമൂല്യവും. പ്രതിപക്ഷം ഭിന്നതകൾ മറന്ന് യോജിച്ച് നിന്നാൽ കടുത്ത മത്സരത്തിനാകും കളമൊരുങ്ങുക. എന്നാൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ, എ ഐ എ ഡി എം കെ, വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ നിലപാട് ഏറെ നിർണായകമാകും. കഴിഞ്ഞ തവണ എൻ ഡി എയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഈ കക്ഷികളുടെ പിന്തുണയ്ക്കായി തീവ്ര ശ്രമങ്ങളാണ് എൻ ഡി എ നടത്തുന്നത്. ഒപ്പം സ്വതന്ത്ര എംപിമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളും എൻ ഡി എ നടത്തുന്നുണ്ട്.