കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സർ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ എംഎല്‍എ പിസി ജോർജ്. പള്‍സർ സുനി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ചാലും തെളിവില്ലെങ്കില്‍ അവനെ ശിക്ഷിക്കാന്‍ സാധിക്കില്ല. സ്ത്രീയുടെ കേസായതിനാല്‍ തന്നെ സ്ത്രീയുടെ മൊഴി കൂടെ ഉണ്ടെങ്കില്‍ അവരെ സാക്ഷിയാക്കി ശിക്ഷിക്കാന്‍ സാധിക്കും.

എന്നാല്‍ വേറെ ഒരാള്‍ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ അതിന് തെളിവുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവിടെയാണ് ദിലീപിന്റെ പ്രശ്നത്തിലുള്ള എന്റെ ഒരു കാഴ്ചപ്പെടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്ത് നടക്കേണ്ട കാര്യമൊന്നും എനിക്കില്ല. എന്നാല്‍ ദിലീപ് പറഞ്ഞിട്ടാണ് ചെയ്തെന്ന് പറയുമ്പോള്‍ എനിക്ക് ചില സംശയങ്ങളുണ്ട്. ആ നടി തന്നെ ആദ്യം പറയുന്നത് രണ്ട് കൊല്ലം മുമ്പ് ദിലീപ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ്. അതെങ്ങനെയാണ് അവർ അറിഞ്ഞത്. ഈ സംഭവത്തിനും ആറ് മാസം മുമ്പ് സുനിയുമായി നേരത്തെ കാറില്‍ യാത്ര ചെയ്തതിനെക്കുറിച്ച് നടി തന്നെ പറയുന്നുണ്ട്. അപ്പോഴൊന്നും ഒന്നും സംഭവിച്ചിട്ടില്ല. അതോടെയാണ് എനിക്ക് സംശയമായതെന്നും പിസി ജോർജ് പറയുന്നു.

ക്വട്ടേഷന്‍ രണ്ട് കൊല്ലം മുമ്പ് കൊടുത്തിരുന്നെങ്കില്‍ ആദ്യത്തെ യാത്രയില്‍ തന്നെ അത് ചെയ്തു കൂടായിരുന്നോ. നുണ പറയുകയാണെങ്കില്‍ അത് വിശ്വാസ്യ യോഗ്യാമാവേണ്ടതല്ലേ. അതാണ് ഇതിനകത്തെ പ്രശ്നം. സ്ത്രീകള്‍ ഇരയല്ല. ബിഷപ്പ് ഫ്രാങ്കോ കേസില്‍ ബിഷപ്പാണ് ഇരയെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും ഒരു സ്ത്രീ പറഞ്ഞാല്‍ ബാക്കിയുള്ളവരുടെ മുതുകത്തോട്ട് വലിഞ്ഞ് കേറുന്ന പരിപാടി നിർത്താനുള്ള സമയം കഴിഞ്ഞു.

ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഞാന്‍ കരുതുന്നില്ല. അത് തന്നെയാണ് സംഭവം. കോടതി എന്താണെങ്കിലും വിധിക്കട്ടെ. ഈ കേസിന്റെ വിസ്താരം തീരാറയപ്പോഴാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവെക്കുന്നത്. കേസ് ആ ബെഞ്ചില്‍ നിന്ന് മാറ്റണെന്നായിരുന്നു ആവശ്യം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും മാറ്റാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയെന്നും പിസി ജോർജ് പറയുന്നു.

ഈ സാഹചര്യത്തിലാണ് ഒരു സാക്ഷി ഇറങ്ങി വരുന്നത്. എല്ലാം എന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. മൂന്ന് വർഷം മുമ്പ് ഈ ‘തെണ്ടി’ എവിടെയായിരുന്നു. പറയാനുണ്ടെങ്കില്‍ അന്ന് തന്നെ പറയേണ്ടതല്ലേ. സത്യത്തില്‍ അവന്റെ പേരിലാണ് കേസ് എടുക്കേണ്ടത്. മൂന്ന് കൊല്ലം മുന്‍പേ തെളിവ് ഉണ്ടായിട്ട് ഇത്രയും വലിയ കേസില്‍ നിന്നും ഒളിച്ച് കടന്നെങ്കില്‍ അവന്‍ എന്തൊരു വ്യത്തിക്കെട്ടവനാണ്. അവന്റെ പേരില്‍ കേസെടുക്കണമെന്നാണ് എന്റെ അഭിപ്രായം.