ദുബൈ: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പർവേശ് മുഷറഫ് ഗുരുതരാവസ്ഥയില്‍. ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് കഴിഞ്ഞ മൂന്നാഴ്ചയായി യുഎഇയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് അദ്ദേഹം. ഒരു ഘട്ടത്തില്‍ അദ്ദേഹം മരിച്ചതായുള്ള വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് തള്ളി അദ്ദേഹത്തിന്റെ കുടുംബം രംഗത്ത് എത്തി. അതേസമയം, ആരോഗ്യ നില ഗുരുതരമാണെന്നും ഈ സാഹചര്യത്തില്‍ നിന്നും ഒരു മോചനം സാധ്യമല്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

അദ്ദേഹം വെന്റിലേറ്ററിലില്ല. അസുഖത്തിന്റെ (അമിലോയിഡോസിസ്) സങ്കീർണതയെത്തുടർന്ന് കഴിഞ്ഞ 3 ആഴ്‌ചയായി ആശുപത്രിയിൽ കഴിയുകയാണ്. സുഖം പ്രാപിക്കാൻ കഴിയാത്തതും അവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്നതുമായ ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നതിനായി പ്രാർത്ഥിക്കുക”- 78 കാരനായ വിരമിച്ച പാകിസ്ഥാൻ ജനറലിന്റെ കുടുംബം ട്വീറ്ററില്‍ കുറിച്ചു.

മുഷറിന്റെ മകന്‍ ബിലാലുമായി സംസാരിച്ച് രോഗവിവരങ്ങൾ തിരക്കിയതായി മുഷറഫിന്റെ സഹായിയും മുൻ പാക് മന്ത്രിയുമായ ഫവാദ് ചൗധരി അറിയിച്ചു. ഒരുകാലത്ത് മുശർറഫിന്റെ മാധ്യമവക്താവായിരുന്നു ചൗധരി.

2001 മുതൽ 2008 വരെയായിരുന്നു മുഷറഫ് പാകിസ്ഥാൻ പ്രസിഡന്റായിരുന്നത്. 2007-ൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ വധിച്ച കേസുമായി ബന്ധപ്പെട്ട് പാകിസ്താന്‍ വിട്ട മുഷറഫ് കഴിഞ്ഞ ആറ് വർഷമായി ദുബായിൽ കഴിയുകയാണ്. ഇതിനിടെയാണ് അമിലോയിഡോസിസ് എന്ന രോഗം മൂർച്ഛിച്ചത്.

1999-ൽ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൽ നിന്ന് പാകിസ്ഥാൻ സൈനിക ജനറൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. അതേ വർഷം തന്നെ, ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തുള്ള പർവതപ്രദേശങ്ങൾ പാകിസ്ഥാൻ സേനയും ഭീകരരും പിടിച്ചെടുക്കുകയും ഇത് പിന്നീട് കാർഗിൽ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. ഏകദേശം മൂന്ന് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനികളെ തുരത്തി വിജയം നേടുകയായിരുന്നു.

1943 ആഗസ്​റ്റ് 11ന് പഴയ ഡൽഹിയിലെ ഹവേലിയിലാണ് മുഷറഫിന്റെ ജനനം. പിന്നീട് വിഭജന കാലത്ത് കുടുംബത്തോടൊപ്പം കറാച്ചിയിലേക്ക് കുടിയേറുകയായിരുന്നു. 1961 ലാണ് പാക്കിസ്​ഥാനിലെ സൈനിക അക്കാദമിയിലെത്തിയ മുഷറഫ് ഒടുവില്‍ സൈന്യത്തിന്റേയും രാജ്യത്തിന്റേയും തലപ്പത്ത് എത്തുകായിരുന്നു.