കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പുറത്തുവന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കോഴിക്കോടും കൊല്ലത്തും സംഘടിപ്പിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിവച്ചു. കൊച്ചിയിലും കോട്ടയത്തും യുവജന സംഘടനകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ വച്ച് റോഡ് തടസപ്പെടുത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലഭീരങ്കി ഉപയോഗിച്ചു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഹിള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രവര്‍ത്തകര്‍ ബിരിയാണി ചാലഞ്ച് നടത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ പൊലീലും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടായി.

എം എം ഹസ്സന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. ബാരികേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. സമീപത്തെ കടകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.