തിരുവനന്തുപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണാറിയ വിജയനും കുടുംബത്തിനുമെതിരായ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുന്‍ പൂഞ്ഞാർ എംഎല്‍എ പിസി ജോർജുമായി ഇക്കാര്യത്തില്‍ രണ്ടുമാസം മുന്‍പ് സ്വപ്ന സുരേഷ് ഗൂഡാലോചന നടത്തി. വ്യാജപ്രചരണത്തിലൂടെ പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇരുവരും നടത്തിയതെന്നും എഫ് ഐ ആറില്‍ പറയുന്നു.

അതേസമയം, സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിലിൽ തന്നെ കേസിൽ പ്രതിയാക്കാനാകില്ലെന്നാണ് പിസി ജോർജിന്റെ വാദം. എന്നാല്‍ ഇതിനിടയില്‍ തന്നെയാണ് സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന സ്ഥാപനവുമായി പിസി ജോർജിന് അടുത്ത ബന്ധമുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നത്.

സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എന്‍ജിഒ ആയ എച്ച് ആർ ഡി എ സുമായി പിസി ജോർജിന് അടുത്തബന്ധമുണ്ടെന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എച്ച്ആർഡിഎസിന്റെ നിരവധി പരിപാടികള്‍ പിസി ജോർജ് ഉദ്ഘാടകനായും മറ്റും പങ്കെടുത്തിട്ടുണ്ട്. 2021 ല്‍ ഏപ്രിലില്‍ തൊടുപുഴയില്‍ നടന്ന എച്ച് ആർ ഡി എസിന്റെ പരിപാടിക്കിടയിലായിരുന്നു ജോർജിന്റെ വിവാദമായ ലൌ ജിഹാദ് പരാമർശം.

പിസി ജോർജിനെ അറിയുമോ എന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ സ്വപ്ന സുരേഷിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു സ്വപ്ന വ്യക്തമാക്കിയത് അത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പിസി ജോർജിനും പങ്കുണ്ടെന്ന് കഴിഞ്ഞ ദിവസം കെടി ജലീലും ആരോപിച്ചിരുന്നു.

കെടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സ്വപ്ന സുരേഷിനേയും പിസി ജോർജിനെതിരേയും പൊലീസ് കേസെടുത്തത്. പ്രത്യേക അന്വേഷണം സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി സി ജോർജുമാണ്. സ്വപ്ന സുരേഷ് തനിക്കെതിരെ ഗൂഡാലോചനയും അപകീർത്തിപരമായ പരാമർശങ്ങളും വ്യാജ പ്രചരണങ്ങളും നടത്തിയെന്നുമാണ് കെജി ജലീല്‍ വ്യക്തമാക്കുന്നത്.

കെടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, സ്വപ്ന എഴുതിയ നല്‍കിയ കാര്യം മാത്രമാണ് താന്‍ പറഞ്ഞതെന്ന വാദമാണ് പിസി ജോർജ് ഉയർത്തുന്നത്. പ്രസ്താവനക്ക് എതിരെ കേസ് എടുക്കാൻ ആണേൽ കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടക്കില്ല. ഇത്തരത്തില്‍ കേസ് എടുക്കാനാണേല്‍ പിണറായിക്ക് എതിരെ കേസ് എടുക്കണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു.

തനിക്ക് ഏല്‍ക്കേണ്ടി വന്ന പീഡനം സ്വപ്ന തന്നോട് പറഞ്ഞിരുന്നു. അത് മാധ്യമങ്ങളോട് പറഞ്ഞുവെന്നത് മാത്രമാണ് ഞാൻ ചെയ്തത്. ജയില്‍ ഡി ജി പി അജികുമാർ സ്വപ്നയെ ഭീഷണിപ്പെടുത്തി, ചവിട്ടി, ക്രൂരമായി ഉപദ്രവിച്ചു. മാനസികമായി അപമാനിച്ചുവെന്നാണ് സ്വപ്ന പറഞ്ഞത്. ഇതാണ്‍ താന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് എങ്ങനെ ഗൂഢാലോചന ആകുമെന്നും പിസി ജോർജ് ചോദിക്കുന്നു.