ഇന്ത്യയിലെ 75 ഗ്രാമങ്ങള്‍ ഇസ്രായേലിന്റെ സഹകരണത്തോടെ നവീകരിക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. ഇസ്രായേല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

ഇസ്രായേലില്‍ ത്രിദിന സന്ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി രാജ്യത്തെ കാര്‍ഷികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി കാര്‍ഷിക വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു. ആധുനിക കാര്‍ഷിക സാങ്കേതിക രീതികള്‍, കപ്പാസിറ്റി ബിള്‍ഡിങ്, വാട്ടര്‍ മാനേജ്‌മെന്റ്, ഗ്രാമ വികസനം എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്രായേലും ഇന്ത്യയും തമ്മില്‍ കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന നയതന്ത്ര ബന്ധത്തിന് നിലവില്‍ പുരോഗമിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയും ഇസ്രായേലും തമ്മില്‍ സൗജന്യ വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതില്‍ അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. വരുന്ന ജൂണ്‍ മാസം അവസാനത്തോടെ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ മെയ് എട്ടിനായിരുന്നു ഇസ്രായേലില്‍ എത്തിയത്.