കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ വരെ പദ്ധതിയിട്ട് ഒടുവില്‍ അദ്ദേഹത്തെ ലഹരിമരുന്ന് കേസില്‍പ്പെടുത്തിയ സൗമ്യ ഇന്ന് ജയിലില്‍.

ഭര്‍ത്താവിനെ കുടുക്കാന്‍ എല്‍.ഡി.എഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി ഭര്‍ത്താവിന്റെ വാഹനത്തില്‍ എം.ഡി.എം.എ ഒളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടന്‍മേട് പുറ്റടിയ്ക്ക് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ സൗമ്യയുടെ ഭര്‍ത്താവ് സുനിലിന്റെ ഇരുചക്രവാഹനത്തില്‍ നിന്നും എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. പുകവലി പോലും ശീലമാക്കാത്ത കൂലിപ്പണിക്കാരനായ സുനിലിന് പിടിയിലാകുമ്ബോള്‍ ബൈക്കിലുള്ളത് എന്താണെന്നുപോലും അറിയില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, സുനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായോ, വില്‍പന നടത്തുന്നതായോ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് ഇതിന്റെ സത്യാവസ്ഥ ചികഞ്ഞ് പൊലീസ് പോയത്.

പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭര്‍ത്താവിനെ കുടുക്കാന്‍ കാമുകനുമായി ചേര്‍ന്ന് ഭാര്യ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു മയക്കുമരുന്ന് കേസെന്ന് പൊലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയോ സയനൈഡ് കൊടുത്തോ ഭര്‍ത്താവിനെ കൊല്ലാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഒരു വര്‍ഷം മുമ്ബ് മാത്രം പരിചയപ്പെട്ട കാമുകനുമായി ജീവിക്കുന്നതിനാണ് ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് അംഗമായ സൗമ്യ എബ്രഹാം ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. പിടിക്കപ്പെടുമെന്ന് ഭയന്നതോടെയാണ് സൗമ്യ കൊലപാതക ശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്നാണ് ലഹരിമരുന്നു കേസില്‍ അറസ്റ്റ് ചെയ്യിക്കാ‍ന്‍ പദ്ധതിയിട്ടത്.

വിദേശത്തുള്ള കാമുകനായ വിനോദുമായി ചേര്‍ന്നാണ്, മാരക മയക്കുമരുന്നായ എംഡിഎംഎ, ഭര്‍ത്താവിന്റെ വാഹനത്തില്‍ ഒളിപ്പിച്ചത്. സംഭവത്തില്‍, മയക്കുമരുന്ന് എത്തിച്ച്‌ നല്‍കിയ മറ്റ് രണ്ട് സഹായികളെ മുന്‍പ് തന്നെ അറസ്റ്റ് ചെയ്തിരുന്നു. 45000 രൂപയ്ക്ക് വിനോദാണ് എംഡിഎംഎ വാങ്ങി സൗമ്യയ്ക്ക് നല്‍കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. മുന്‍നിശ്ചയിച്ച പ്രകാരം ഒരു മാസം മുന്‍പ്, എറണാകുളത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചാണ് വിനോദും സൗമ്യയും പദ്ധതി തയ്യാറാക്കിയത്. 45000 രൂപയ്ക്ക് വിനോദ് എംഡിഎംഎ വാങ്ങുകയും, കഴിഞ്ഞ 18ന് സൗമ്യയ്ക്ക് ഇത് കൈമാറുകയും ചെയ്തു. ശേഷം ഇയാള്‍ വിദേശത്തേക്ക് മടങ്ങി. ഭര്‍ത്താവിന്‍റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷം, സൗമ്യ ഫോട്ടോ എടുത്ത് കാമുകന് അയച്ച്‌ നല്‍കി.

വിനോദ് മുഖേനയാണ്, വാഹനത്തില്‍ മയക്കുമരുന്ന് ഉള്ള വിവരം പൊലീസിലും മറ്റ് ഏജന്‍സികളിലും അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു. സൗമ്യ വിവാഹമോചനത്തിനു കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ലഹരിമരുന്നുമായി ഭര്‍ത്താവ് പിടിയിലായാല്‍ അതിന്റെ പേരില്‍ ബന്ധം വേര്‍പ്പെടുത്തി, കാമുകനുമായി ജീവിക്കാമല്ലോ എന്നായിരുന്നു സൗമ്യ ഇട്ട പദ്ധതി.