ജഹാംഗീര്‍പുരിയില്‍ നടക്കുന്ന ബുള്‍ഡോസര്‍രാജ് പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന ആരോപണം ശക്തമാകവേ, ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ ആദ്യം ബുള്‍ഡോസര്‍രാജ് നടപ്പിലാക്കിയത് ഇന്ദിരാഗാന്ധിയാണെന്ന് വെളിപ്പെടുത്തി ബി.ജെ.പി.

രാജ്യത്ത് ബുള്‍ഡോസര്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള വാക്‌പോരിനിടെയാണ് ബി.ജെ.പി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തുര്‍ക്ക്മാന്‍ ഗേറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ ആദ്യം ഉത്തരവിട്ടത് ഇന്ദിരാ ഗാന്ധിയാണെന്ന് കോണ്‍ഗ്രസിന് മറുപടിയെന്നോണം ബി.ജെ.പി ആരോപിച്ചു. ബി.ജെ.പിയുടെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ & ടെക്‌നോളജി വകുപ്പിന്റെ ചുമതലയുള്ള അമിത് മാളവ്യ ആണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചിരിക്കുന്നത്.

‘കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മനീഷ് തിവാരി മുതല്‍ രാഹുല്‍ ഗാന്ധി വരെ എല്ലാവരും ഓര്‍മ്മക്കുറവ് അനുഭവിക്കുകയാണോ? അതോ അവര്‍ക്ക് സ്വന്തം കാര്യം അറിയില്ല എന്നാണോ?. നാസികളെയും ജൂതന്മാരെയും മറക്കുക, ഇന്ത്യയില്‍ തുര്‍ക്ക്മാന്‍ ഗേറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ പ്രയോഗിക്കാന്‍ ആദ്യം ഉത്തരവിട്ടത് ഇന്ദിരാ ഗാന്ധിയാണ്. 1976 ഏപ്രിലില്‍, അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാ ഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധി, മുസ്ലീം പുരുഷന്മാരെയും സ്ത്രീകളെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് നിര്‍ബന്ധിച്ചു. അവര്‍ പ്രതിഷേധിച്ചപ്പോള്‍, തുര്‍ക്ക്മാന്‍ ഗേറ്റില്‍ ബുള്‍ഡോസര്‍ ഉരുട്ടി. 20 പേര്‍ ആണ് അന്ന് മരിച്ചത്. നാസികളുമായുള്ള കോണ്‍ഗ്രസിന്റെ കാല്പനികത ഇന്ദിരാ ഗാന്ധിയില്‍ നിര്‍ത്തണം’, അമിത് ട്വീറ്റ് ചെയ്തു.

ഞായറാഴ്ച, മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ജൂതന്മാര്‍ക്കെതിരെ നാസികള്‍ ബുള്‍ഡോസര്‍ വ്യാപകമായി വിന്യസിച്ചുവെന്നും, പിന്നീട് ജൂതന്മാര്‍ അത് ഫലസ്തീനികള്‍ക്കെതിരെ ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യന്‍ രാഷ്ട്രം ഇപ്പോള്‍ അത് സ്വന്തം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നുവെന്നും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് അമിത് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അമിതിന്റെ വെളിപ്പെടുത്തല്‍ കൂടുതല്‍ രാഷ്ട്രീയ പോരുകള്‍ക്ക് വഴി തെളിക്കുമെന്ന് വ്യക്തം.