വിജയ്‍യെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കിയ ചിത്രമായിരുന്നു ‘ബീസ്റ്റ്’. കഴിഞ്ഞ മാസം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്.

ചെന്നൈ നഗരത്തിലെ മാളിലേക്ക് തീവ്രവാദികള്‍ കയറുകയും അവിടെയുള്ള ആളുകളെ ബന്ദികളാക്കുകയും ചെയ്യുന്നു. ഈ സമയം മാളില്‍ റോ ഏജന്റ് ആയ നായകനുണ്ട്. പിന്നീട് തീവ്രവാദികളില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് സിനിമ പറയുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിച്ചത്. പൂജ ഹെഗ്‌ഡെയാണ് നായികയായെത്തിയത്.

ഇപ്പോളിതാ, വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം ബോക്സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.അഞ്ചോളം ഭാഷകളിലായിട്ടാണ് ചിത്രത്തിന്റെ ഈ നേട്ടം. 250 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന വിജയ്‌യുടെ തുടര്‍ച്ചയായ അഞ്ചാമത്തെ ചിത്രമാണിത്.

അതേസമയം, മെയ് 11ന് സിനിമയുടെ ഒടിടി സ്ട്രീമിങ്ങിന് ആരംഭിക്കും. നെറ്റ്ഫ്ലിക്സ്, സണ്‍ നെക്സ്റ്റ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുക.