ഇന്ത്യൻ ക്യുസീനിലെ പ്രധാന ചേരുവകളിൽ ഒന്നാണ് വെളുത്തുള്ളി. ബിരിയാണി മുതൽ വിവിധ കറികളിൽ വരെ വെളുത്തുള്ളിയുടെ സാന്നിധ്യം ശക്തമാണ്. എന്നാൽ വെളുത്തുള്ളി മാത്രം കഴിക്കാൻ ഇഷ്ടമുള്ളവർക്ക് മുൻപിൽ വെളുത്തുള്ളി അച്ചാർ അല്ലാത്ത മറ്റൊരു വിഭവം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ളവർക്കായി അവതരിപ്പിക്കുന്നു ഗാർലിക് കോൺഫിറ്റ്. ടോസ്റ്റഡ് ബ്രെഡിലും ബണ്ണിലും എല്ലാം ബട്ടറിനൊപ്പം ചേർത്ത് കഴിക്കാവുന്ന ഹെൽത്തി ആയിട്ടുള്ള സ്പ്രെഡ് കൂടിയാണ് ഗാർലിക് കോൺഫിറ്റ്. ഇത് കൂടാതെ സാൻവിച്ചസ്, സോസുകൾ, പാസ്ത, മാഷ്ഡ് പൊട്ടേറ്റോസ് തുടങ്ങി ഒട്ടേറെ വിഭവങ്ങൾക്ക് രുചി കൂട്ടാനും ഇവ ഉപയോഗിക്കാറുണ്ട്. ഒലിവ് ഓയിലിൽ മുങ്ങി കിടക്കുന്നതിനാൽ‌ ഇവ ഏറെ നാൾ സൂക്ഷിക്കാനും സാധിക്കും. ഗാർലിക് കോൺഫിറ്റിലുള്ള ഗാർലിക് ഓയിൽ വിവിധ സാലഡുകൾ, ഡിപ്പുകൾ എന്നിവയിൽ ചേർക്കാറുണ്ട്.

ഇങ്ങനെയും വെളുത്തുള്ളി പൊളിക്കാം; വിഡിയോ കണ്ടത് 2 കോടി ആളുകള്‍

ചേരുവകൾ

∙ വെളുത്തുള്ളി തൊലി കളഞ്ഞത് – ഒരു കപ്പ്

∙ ഒലിവ് ഓയിൽ– ഒരു കപ്പ്

ആവശ്യമെങ്കിൽ കുറച്ച് തൈം, റോസ്മേരി, ചില്ലി ഫ്ലെയ്ക്സ്, ഉപ്പ്, ബേയ് ലീവ് എന്നിവ ഓരോരുത്തരുടെയും ഇഷ്ടാനുസരണം ചേർക്കാം

തയാറാക്കുന്ന വിധം

ഒരു പാനിൽ വെളുത്തുള്ളി ഇടുക. ശേഷം അത് മുങ്ങി കിടക്കാൻ പാകത്തിൽ ഒലിവ് ഓയിൽ ഒഴിക്കുക. ഈ സമയം തന്നെ മേൽ പറഞ്ഞിരിക്കുന്ന തൈം പോലുള്ള ചേരുവകൾ ആവശ്യമെങ്കിൽ ചേർക്കാം. അടച്ചുവയ്ക്കാതെ ചെറു തീയിൽ ഇവ വേവിച്ചെടുക്കുക. എണ്ണയുടെ ചൂട് അഡ്ജസ്റ്റ് ചെയ്യാൻ മറക്കരുത്. വെളുത്തുള്ളി വറുത്ത് പോകാതെ നിറം അൽപം മാറി തുടങ്ങുമ്പോൾ വെളുത്തുള്ളി വെന്തെങ്കിൽ അടുപ്പിൽ നിന്ന് മാറ്റുക. ഇത് നന്നായി തണുത്തതിനു ശേഷം വെള്ളത്തിന്റെ അംശം ഒട്ടുമില്ലാത്ത ഒരു ഗ്ലാസ് ജാറിലേക്ക് ഇത് മാറ്റുക. ശേഷം ഫ്രിജിൽ അടച്ചുവച്ചു സൂക്ഷിക്കുക. ഗാർലിക് കോൺഫിറ്റ് തയാർ.