ചിട്ടയായ വ്യായാമമാണ് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള അടിസ്ഥാന മാര്‍ഗം. മറ്റുള്ളവരെപ്പോലെതന്നെ, പ്രമേഹരോഗികളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിലും വ്യായാമം ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ, മറ്റ് ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമായി വ്യായാമവും നിങ്ങളെ സഹായിക്കുന്നു.

ശരിയായ രീതിയില്‍ പതിവായി വ്യായാമം ചെയ്യുന്നത് പ്രമേഹ രോഗികളുടെ രോഗാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കും. നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍, ആരോഗ്യകരമായ ഭക്ഷണക്രമവുമായി ചേര്‍ന്ന് വ്യായാമവും ചെയ്യുന്നത് നിങ്ങളെ സ്വയം നന്നായി പരിപാലിക്കാന്‍ സഹായിക്കും. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് ശരിയായ വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പലപ്പോഴും ചെറിയ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. പോസിറ്റീവ് ഫലം ലഭിക്കുന്നതിന് പ്രമേഹരോഗികള്‍ വ്യായാമം ചെയ്യുമ്ബോള്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്.

പ്രമേഹരോഗികള്‍ക്ക് വ്യായാമത്തിന്റെ ഗുണങ്ങള്‍
 * പതിവ് വ്യായാമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു
* ചിട്ടയായ വ്യായാമം ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും
* ദിവസേനയുള്ള വ്യായാമം രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കുന്നു
* വ്യായാമം ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു
* ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

പ്രമേഹരോഗികള്‍ക്ക് വ്യായാമത്തിന്റെ ഗുണങ്ങള്‍

* സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ ഗ്ലൂക്കോസ് നില ഉയര്‍ത്തും
* പതിവ് വ്യായാമം കലോറി കത്തിക്കുന്നു, ഇത് തൂക്കം വര്‍ധിക്കുന്നത് ഒഴിവാക്കാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും സഹായിക്കും.
* എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് വ്യായാമം പ്രധാനമാണ്, കൂടാതെ നിരവധി ആരോഗ്യ അവസ്ഥകളെയും രോഗങ്ങളെയും ചെറുക്കാനും ഇത് സഹായിക്കും.
* വ്യായാമം ചെയ്യുന്നത് ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എത്ര സമയം ചെലവഴിക്കണം

ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും 30 മുതല്‍ 45 മിനിറ്റ് വരെ വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. എന്നിരുന്നാലും, ഏതെങ്കിലും വ്യായാമം തുടങ്ങുന്നതിന് മുമ്ബ് എല്ലായ്‌പ്പോഴും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം നിങ്ങളുടെ രോഗാവസ്ഥയെ ആശ്രയിച്ച്‌ നിങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള വ്യായാമങ്ങളെക്കുറിച്ച്‌ നിര്‍ദേശം നല്‍കാന്‍ ഒരു ഡോക്ടര്‍ നിങ്ങളെ സഹായിക്കും.

പ്രമേഹ രോഗികള്‍ വ്യായാമം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കാന്‍

പ്രമേഹരോഗികള്‍ വ്യായാമം ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍, നിങ്ങളുടെ വ്യായാമ രീതി സുരക്ഷിതമായി പിന്തുടരുന്നതിനുള്ള ചില നുറുങ്ങുകള്‍ ഇതാ. ഈ നുറുങ്ങുകള്‍ വ്യായാമത്തിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഡോക്ടറെ സമീപിക്കുക

വ്യായാമം ചെയ്യുമ്ബോള്‍ ധാരാളം ഓപ്ഷനുകള്‍ ഉണ്ട്. പൂര്‍ണ്ണമായി വ്യായാമം തുടങ്ങുന്നതിനു മുമ്ബായി നിങ്ങള്‍ ഒരു തവണ ഡോക്ടറെ സമീപിക്കേണ്ടതാണ്. പ്രമേഹത്തിനുള്ള ശരിയായ വ്യായാമത്തെക്കുറിച്ചും ചെയ്യേണ്ട സമയത്തെക്കുറിച്ചും ഡോക്ടര്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. നിങ്ങളുടെ ഭക്ഷണക്രമത്തിലും മരുന്നുകളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രവും നിങ്ങള്‍ക്ക് ലഭിക്കും.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യായാമം തിരഞ്ഞെടുക്കുക

നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യായാമങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കുക. തുടര്‍ന്ന് ഈ ലിസ്റ്റ് നിങ്ങളുടെ ഡോക്ടര്‍ക്ക് നല്‍കുക. അവരുടെ നിര്‍ദേശപ്രകാരം നിങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യായാമം തിരഞ്ഞെടുക്കുന്നത് മടുപ്പില്ലാതെ നിങ്ങള്‍ക്ക് വ്യായമം ചെയ്യാന്‍ സഹായകമാകും. ഇതുവഴി നിങ്ങള്‍ക്ക് വ്യായാമങ്ങളില്‍ താല്‍പ്പര്യം ഉണ്ടാവുകയും ദിവസവും മടികൂടാതെ വ്യായാമം ചെയ്യുകയും ചെയ്യും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക

വ്യായാമം ചെയ്യുമ്ബോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ചിലപ്പോള്‍ ആശങ്കയുണ്ടാക്കും. ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞേക്കാം. അതിനാല്‍ അത്തരം വലിയ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കാന്‍ വ്യായാമത്തിന് മുമ്ബ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും കൃത്യമായി പരിശോധിക്കണം. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച്‌ നിങ്ങളുടെ വ്യായാമങ്ങള്‍ ആസൂത്രണം ചെയ്യുക, അങ്ങനെ നല്ലൊരു ബാലന്‍സ് നിങ്ങള്‍ക്ക് ലഭിക്കും.

അമിതമായ വ്യായാമം വേണ്ട

നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, വ്യായാമം നിങ്ങള്‍ക്ക് ഒന്നിലധികം ആരോഗ്യ ഗുണങങ്ങള്‍ നല്‍കും. എന്നാല്‍ പെട്ടെന്ന് അമിതമായ വ്യായാമത്തില്‍ ഏര്‍പ്പെടരുത്. മാറ്റങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങളുടെ ശരീരത്തിന് മതിയായ സമയം നല്‍കുക. വ്യായാമത്തിനായി ചെലവഴിക്കുന്ന സമയവും വ്യായാമങ്ങളുടെ എണ്ണവും ഒറ്റയടിക്ക് അല്ലാതെ പതുക്കെ പതുക്കെ വര്‍ദ്ധിപ്പിക്കുക.

പ്രമേഹരോഗികള്‍ക്ക് യോജിച്ച വ്യായാമങ്ങള്‍

നടത്തം – ഏതൊരാള്‍ക്കും പരിശീലനം ഇല്ലാതെ ചെയ്യാവുന്ന വ്യായാമമാണ് നടത്തം. ജിമ്മില്‍ പോവുകയോ വ്യായാമ ഉപകരണങ്ങളോ ഇതിന് ആവശ്യമില്ല. ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും നടത്തം സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് നേരം നടക്കുന്നത് പ്രമേഹത്തെ ഗണ്യമായി കുറയ്ക്കുന്ന വഴിയാണ്.

സൈക്ലിംഗ്

ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പകുതിയോളം പേര്‍ക്കും സന്ധിവാത ലക്ഷണങ്ങളുമുണ്ട്. ഈ രണ്ട് അവസ്ഥകളിലും അമിതവണ്ണം ഉള്‍പ്പെടെ നിരവധി അപകടസാധ്യത ഘടകങ്ങളും പുറകേ വരാവുന്നതുമാണ്. നാഡികള്‍ തകരാറിലാകുമ്ബോള്‍ ഉണ്ടാകുന്ന ഡയബറ്റിക് ന്യൂറോപ്പതി, ടൈപ്പ് 2 പ്രമേഹമുള്ളവരിലും സന്ധി വേദനയ്ക്ക് കാരണമാകും. ലഘുവായ രീതിയില്‍ സൈക്ലിംഗ് നടത്തുന്നത് സന്ധിവേദന ലഘൂകരിക്കാന്‍ സഹായിക്കും.

നീന്തല്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ജല വ്യായാമങ്ങള്‍ സഹായിക്കുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ക്ക് സൗഹൃദമായ വ്യായാമങ്ങളാണ് ഇവ. ഉദാഹരണത്തിന്, നീന്തല്‍, വാട്ടര്‍ എയറോബിക്സ്, അക്വാ ജോഗിംഗ് എന്നിവ നിങ്ങളുടെ ഹൃദയം, ശ്വാസകോശം, പേശികള്‍ എന്നിവയ്ക്ക് ആരോഗ്യം നല്‍കുന്നു.

യോഗ

ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍, ഭാരം എന്നിവ നിയന്ത്രിക്കാന്‍ യോഗ സഹായിക്കും. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മാനസികനില മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്.