ജനുവരി രണ്ട് പുലർച്ചെ രണ്ടരയോടെ  വെടിയൊച്ച കേട്ടാണ് യുഎഇ ചരക്ക് കപ്പലിലെ ദിപാഷുൾപ്പെടെയുളള ജീവനക്കാർ ഞെട്ടിയുണർന്നത്. അപ്പോഴേക്കും ബോട്ടുകളിലെത്തി, കപ്പൽ വളഞ്ഞ സംഘം ജീവനക്കാരെ മുഴുവൻ തടവിലാക്കി. ഇവർക്കൊപ്പമെത്തിയ മറ്റൊരു സംഘം ജീവനക്കാരെ മുഴുവൻ മറ്റൊരുകപ്പലിലാക്കി. പിന്നെ, രാവും പകലും ഏതെന്നുപോലും തിരിച്ചറിയാനാവാതെ തള്ളിനീക്കിയ ദിവസങ്ങളെ ഓർത്തെടുക്കുകയാണ് ദിപാഷ്.

തടവിലായി ഏറെക്കഴിഞ്ഞാണ് ഹൂതി വിമതരാണ് തടവിലാക്കിയതെന്നുപോലും മനസ്സിലാകുന്നത്. രണ്ടാം ജന്മമെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ ദിപാഷിന്റെ ആദ്യ പ്രതികരണം. ദിവസങ്ങൾക്ക് ശേഷം ജീവിതത്തിന്റെ മറുകരയിലിരുന്ന് ദിപാഷ് പറയുന്നു.

കഥയിങ്ങിനെ- 

കോഴിക്കോട് മേപ്പയൂർ മൂട്ടപ്പറമ്പിലെ ദിപാഷ് രണ്ടുവർഷം മുമ്പാണ് ഉപജീവനമാർഗം തേടി അബുദാബിയിലെത്തുന്നത്. ചരക്കുകപ്പലിൽ കുക്കായിരുന്നു ദിപാഷ്.  കഴിഞ്ഞ മാസം അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ്  അപ്രതീക്ഷിത സംഭവങ്ങൾ. ദിപാഷ് ജോലിനോക്കിയിരുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനിയുടെ കപ്പൽ ചെങ്കടലിലായിരുന്നു. ദിശമാറി സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് യമനിലെ ഹൂതി വിമതർ ജനുവരി 2ന് പടിഞ്ഞാറൻ തീരമായ അൽ ഹുദയ്ക്ക് സമീപം വെച്ച് കപ്പൽ കസ്റ്റഡിയിലെടുക്കുന്നു. പിന്നെ യുദ്ധത്തടവുകാരുടെതിന് സമാനമായ സ്ഥിതി.

മൂന്ന് മലയാളികളുൾപ്പെടെ ഏഴ് ഇന്ത്യക്കാരുണ്ടായിരുന്നു കപ്പലിൽ. വിദേശികളുൾപ്പെടെ 11 ജീവനക്കാരും തടവിലായി. കപ്പലിലും ഹോട്ടലുകളിലും മാറിമാറി താമസിപ്പിച്ചു. ഭക്ഷണവും വെള്ളവും മുടങ്ങിയില്ലെങ്കിലും നാടും വീടുമായി ബന്ധമില്ലാത്ത ആഴ്ചകൾ തള്ളിനീക്കി. ഇന്ത്യക്കാരായതുകൊണ്ടുമാത്രം ദേഹോപദ്രവമുണ്ടായില്ലെന്ന് ദിപാഷ്. ഫോണും പാസ്‍പോർട്ടുൾപ്പെടെയുള്ള എല്ലാ രേഖകളും പിടിച്ചെടുത്തു. ഇതിനിടെ ഹൂതി വിമതരുമായി നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തുന്ന വേളയിൽ മാത്രം വീട്ടുകാരോട് വിമതരുടെ ഫോൺ വഴി സംസാരിക്കാൻ അവസരം നൽകി – അതും അൽപസമയത്തേക്ക് മാത്രം. തിരിച്ചു ബന്ധപ്പെടാൻ കഴിയാത്തതിനാൽ ദിപാഷും കൂട്ടരും എവിടെയന്ന് മനസ്സിലാക്കാൻ ആർക്കുമായില്ല. വല്ലപ്പോഴും ഇതുപോലെ വാട്സാപ് ശബ്ദ സന്ദേശമയക്കാനും കഴിഞ്ഞു.

ദിപാഷിന്‍റെ മോചനത്തിനായി ഇതിനിടെ വീട്ടുകാർ വാതിലുകളെല്ലാം മുട്ടിയെങ്കിലും നയതന്ത്ര ഇടപെടൽ ആദ്യഘട്ടങ്ങളിൽ ഫലപ്രദമായില്ല. റംസാൻ മാസം തീരുന്നമുറയക്ക് ആക്രമണം കടുക്കുമെന്ന സന്ദേശം ഭീതിപടർത്തിയെന്ന് ദിപാഷ്. ഇനിയൊരിക്കലും നാട്ടിലെത്താൻ കഴിയില്ലെന്ന ആശങ്കയും പടർന്നു. ഒടുവിൽ ഒമാന്റെ സഹകരണത്തോടെ വീണ്ടും ചർച്ചകൾ. ഇതിനിടെ ടിക്കറ്റും യാത്രാച്ചെലവുമെല്ലാം ആരുവഹിക്കുമെന്ന ആശയക്കുഴപ്പവും ഉയർന്നു.

പിടിച്ചെടുത്ത കപ്പൽ തിരിച്ചുകിട്ടിയില്ലെങ്കിലും ഷിപ്പിംഗ് കമ്പനിതന്നെ യാത്രാസൗകര്യമൊരുക്കി. അങ്ങിനെ ഒമാനിലേക്കും പിന്നെ റോയൽ ഒമാൻ  എയർഫോഴ്‍സ്‍ വിമാനത്തിൽ ദില്ലിയിലേക്കുമെത്തി. ഒടുവിൽ മേപ്പയൂരിലെ വീട്ടിലെത്തിയപ്പോൾ ഇനിയൊരു തിരിച്ചുപോക്ക് തത്ക്കാലമില്ലെന്ന് നെടുവീർപ്പോടെ ദിപാഷ് പറഞ്ഞവസാനിപ്പിക്കുന്നു.