ഐപിഎല്ലിൽ ഗുജറാത്തിനെതിരെ അഞ്ച് റൺസ് വിജയം നേടി മുംബൈ ഇന്ത്യൻസ്. മുംബൈ ഉയർത്തിയ 178 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ ഗുജറാത്തിനായില്ല. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് മുംബൈ എടുത്തപ്പോൾ, ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് മാത്രമാണ് നേടിയത്.

രോഹിത്ത് ശർമ്മയും ഇഷാൻ കിഷാനുമാണ് മുംബൈക്ക് വേണ്ടി ക്രീസിൽ തർത്താടിയത്. 29 പന്തിൽ 1 സിക്‌സറും 5 ബൗണ്ടറിയുമെടുത്ത് ഇഷാൻ 45 റൺസ് നേടിയപ്പോൾ, ഒപ്പമിറങ്ങയ ക്യാപ്റ്റൻ 28 ബോളിൽ 2 സിക്‌സറും 5 ബൗണ്ടറിയുമെടുത്ത് 43 റൺസ് എടുത്തു. രോഹിത്ത് ഇഷാൻ കൂട്ടുകെട്ട് നേടിയ 74 റൺസ് ടീമിന്റെ സ്‌കോർ ഉയർത്തുന്നതിൽ നിർണായകമായി.

പിന്നാലെ എത്തിയ സൂര്യകുമാർ യാദവിന് 11 ബോളിൽ 1 സിക്‌സർ ഉൾപ്പെടെ 13 റൺസ് മാത്രമാണ് നേടാനായത്. തിലക് വർമ്മ 16 ബോളിൽ 2 ബൗണ്ടറി ഉൽപ്പെടെ 21 റൺസെടുത്തു. അവസാനം വരെ പുറത്താകാതെ നിന്ന ടിം ഡേവിഡാണ് സ്‌കോർ ഉയർത്തിക്കൊണ്ട് രോഹിത്തിനും ഇഷാനും പിന്തുണ നൽകിയത്. 21 ബോളിൽ നാല് സിക്‌സറും 2 ബൗണ്ടറിയുമുൾപ്പെടെ ടിം 44 റൺസ് എടുത്തു.

ഗുജറാത്തിന് വേണ്ടി റാഷിദ് ഖാൻ രണ്ട് വിക്കറ്റും, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, പ്രദീപ് സങ്ക്വൻ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടൈറ്റൻസിന് ആദ്യം സ്‌കോർ ഉയർത്താൻ സാധിച്ചെങ്കിലും വിജയിക്കാനായില്ല. വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലുമാണ് ടീമിന് വേണ്ടി സ്‌കോർ ഉയർത്തിയത്. സാഹ 40 ബോളിൽ 2 സിക്‌സറും 6 ബൗണ്ടറിയുമുൾപ്പെടെ 55 റൺസ് എടുത്തപ്പോൾ, ഗിൽ 36 ബോളിൽ 2 സിക്‌സറും 6 ബൗണ്ടറിയുമുൾപ്പെടെ 52 റൺസ് നേടി. പിന്നാലെ ഇറങ്ങിയ ഹാർദിക് പാണ്ഡെ 14 ബോളിൽ നാല് ബൗണ്ടറി ഉൾപ്പെടെ 24 റൺസ് എടുത്ത് പുറത്തായി. ഡേവിഡ് മില്ലർ 14 ബോളിൽ 19 റൺസ് എടുത്തു.

മുംബൈക്ക് വേണ്ടി മുരുഗൻ അശ്വൻ രണ്ട് വിക്കറ്റും പൊളാർഡ് 1 വിക്കറ്റും തെറിപ്പിച്ചു.