കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണെങ്കിലും എല്‍ഡിഎഫ് ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ടെങ്കിലും പുതു പരീക്ഷണങ്ങള്‍ക്ക് ചലനങ്ങള്‍ ഉണ്ടാക്കാന്‍ വഴി ഒരുക്കിക്കൊടുത്തിട്ടുള്ള മണ്ഡലമാണ് തൃക്കാക്കര. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്ക് ബദലായി മറ്റൊരു കൂട്ടുകെട്ട് കൂടിയുണ്ടാകുമെന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ കൂടുതല്‍ ബലപ്പെടുകയാണ്. ട്വന്റി ട്വന്റി വേദയില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രത്യക്ഷപ്പെടുമെന്ന അറിയിപ്പ് ഇരുപാര്‍ട്ടികളും തൃക്കാക്കരയില്‍ കൈകോര്‍ത്തേക്കുമെന്ന പ്രവചനത്തിന് ബലം നല്‍കുന്നുണ്ട്. ട്വന്റി ട്വന്റിക്ക് ചെറുതെങ്കിലും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് തൃക്കാക്കരയെന്നത് ഏറെ ശ്രദ്ധേയമാണ്. (will aap and twenty 20 joint hands for thrikkakara )

ബദല്‍ മുന്നണി മത്സരത്തിനിറങ്ങിയാല്‍ ഡല്‍ഹിക്ക് പുറമേ കൂടുതല്‍ ഭരണ സ്വാതന്ത്ര്യമുള്ള പഞ്ചാബില്‍ കൂടി വിജയം രുചിച്ച ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്രതിച്ഛായ നേട്ടമാകും. ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമായ അഴിമതി മുക്ത ഭാരതമെന്ന ആശയത്തിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ബദലാകാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടിയ്ക്ക് നിഷ്പക്ഷരെന്ന് സ്വയം വിളിക്കുന്ന ചിലരുടെയെങ്കിലും വോട്ട് നേടാന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

തൃക്കാക്കര വികസനത്തിന് ഒപ്പം നില്‍ക്കുമെന്നാണ് എം സ്വരാജ് അടക്കമുള്ളവര്‍ വിലയിരുത്തുന്നത്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് പ്രസ്താവന. ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും കൈകോര്‍ത്താല്‍ ചെറിയ വിഭാഗം യുവാക്കളുടെ വോട്ടെങ്കിലും ബദല്‍ മുന്നണിയിലേക്ക് മറിഞ്ഞേക്കുമെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.

മെയ് 31നാണ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന് നടക്കും. ഈ മാസം 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 12ന് സൂക്ഷ്മപരിശോധന നടക്കും. സമര്‍പ്പിച്ച പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.