ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഇതിഹാസ താരവും ആറാം സീഡും ആയ റാഫേൽ നദാൽ. തന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പണും 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും ലക്ഷ്യം വക്കുന്ന നദാൽ ഏഴാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനിയെ ആണ് സെമിയിൽ തോൽപ്പിച്ചത്. കരിയറിൽ ഇത് ആറാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ആണ് നദാലിന് ഇത്. നാലു സെറ്റ് പോരാട്ടത്തിനു ഒടുവിൽ ആണ് നദാൽ ജയം കണ്ടത്. തീർത്തും ഏകപക്ഷീയമായ ആദ്യ രണ്ടു സെറ്റുകൾ ആണ് മത്സരത്തിൽ കണ്ടത്. ആദ്യ സെറ്റിൽ ബരെറ്റിനിയുടെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു ആണ് നദാൽ തുടങ്ങിയത്. തുടർന്ന് സർവീസ് അനായാസം നിലനിർത്തിയ നദാൽ സെറ്റ് 6-3 നു സ്വന്തമാക്കി. ബരെറ്റിനിയുടെ ബാക് ഹാന്റിലെ പിഴവുകൾ നിരന്തരം മുതലെടുത്തു നദാൽ. രണ്ടാം സെറ്റിലും സമാനമായ കളിയാണ് കാണാൻ ആയത്. രണ്ടു തവണ ബരെറ്റിനിയുടെ സർവീസ് ബ്രൈക്ക് ചെയ്ത നദാൽ 6-2 നു രണ്ടാം സെറ്റും നേടി ഫൈനൽ ഒരു സെറ്റ് മാത്രം അകലെയാക്കി.

എന്നാൽ മൂന്നാം സെറ്റിൽ തികച്ചും വ്യത്യസ്തമായ ബരെറ്റിനിയെ ആണ് കാണാൻ ആയത്. കരിയറിൽ ആദ്യമായി നദാലിന്റെ സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ഇറ്റാലിയൻ താരം തിരിച്ചു വരവിന്റെ സൂചനകൾ നൽകി. സെറ്റ് 6-3 നു നേടിയ താരം മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നിരന്തരം മികച്ച സർവീസ് ഗെയിമുകൾ ആണ് ബരെറ്റിനി പുറത്ത് എടുത്തത്. എന്നാൽ നാലാം സെറ്റിൽ ലഭിച്ച ചെറിയ അവസരം മുതലെടുത്ത നദാൽ ഇറ്റാലിയൻ താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു മത്സരം ഒരു സർവീസ് മാത്രം അകലെയാക്കി. അനായാസം സർവീസ് നിലനിർത്തിയ നദാൽ 6-4 നു സെറ്റ് സ്വന്തമാക്കി തന്റെ ആറാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ഉറപ്പിച്ചു. 14 ഏസുകൾ ഉതിർത്ത ബരെറ്റിനിയെ നാലു തവണയാണ് മത്സരത്തിൽ നദാൽ ബ്രൈക്ക് ചെയ്തത്. 21 മത്തെ ഗ്രാന്റ് സ്‌ലാം നേടി ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുക എന്ന റെക്കോർഡിന് നദാലിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കി. ഫൈനലിൽ രണ്ടാം സീഡ് മെദ്വദേവ് നാലാം സീഡ് സിറ്റിപാസ് എന്നിവർ തമ്മിലുള്ള മത്സര വിജയിയെ ആണ് നദാൽ നേരിടുക.