നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്‍റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.

തന്‍റെ മുന്‍ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താല്‍ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്.

എന്നാല്‍ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കില്‍ ഈ ഫോണ്‍ കോടതിയില്‍ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ സിംഗിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഉപഹര്‍ജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങള്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകള്‍ അന്വേഷണസംഘത്തിന് നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയത്.