തിരുവനന്തപുരം: കേരളത്തിന്‌ കൂടുതല്‍ കടമെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കണം എന്ന ആവശ്യവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടു.

കോവിഡ് കാലത്തെ സാമ്ബത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്നും, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ പിന്തുണ വേണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

‘കാര്‍ഷിക, ചെറുകിട വ്യവസായമേഖലകള്‍ക്കായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജ് വേണം. കോവിഡ് കാലത്ത് സമ്ബദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകാന്‍ കൂടി ഉദ്ദേശിച്ചുള്ള സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ട അനുമതികള്‍ നല്‍കണം. വന്‍കിട അടിസ്ഥാന സൗകര്യപദ്ധതികള്‍ക്കായി വിപണിയില്‍നിന്ന് എടുക്കുന്ന വായ്പകളെ ധനകാര്യ ഉത്തരവാദിത്വനിയമത്തില്‍നിന്ന് ഒഴിവാക്കണം’, മന്ത്രി ആവശ്യപ്പെട്ടു.

‘കോവിഡ് സാഹചര്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനെ നൂറുശതമാനം കേന്ദ്രം ഫണ്ട് ചെയ്യുന്ന പദ്ധതിയാക്കി മാറ്റണം. കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം ഉയര്‍ത്തണം. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടണം. നികുതി വിഹിതം വെട്ടിക്കുറച്ചതുവഴി കേരളത്തിനുണ്ടായ നഷ്ടം നികത്തണം. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍റ് പോലെയുള്ള സഹായങ്ങള്‍ തുടരുകയും വേണം’, മന്ത്രി വ്യക്തമാക്കി.