തിരുവനന്തപുരം : കൊവിഡിന്റെ ആദ്യഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമെല്ലന്ന് ആരോഗ്യവിദഗ്ധര്‍.നേരത്തെ കൊവിഡ് ബാധിച്ചവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച ആന്റിബയോട്ടിക്കുകള്‍ ഇപ്പോള്‍ വാങ്ങി കഴിച്ച്‌ സ്വയം ചികിത്സ നടത്തുന്നത് ഫലപ്രദമല്ലെന്നും ഇത് ശരീരത്തില്‍ ആന്റിബയോട്ടിക് റസിസ്റ്റന്‍സിന് കാരണമാകുമെന്നും കൊവിഡ് ചികിത്സാ രംഗത്ത് സജീവമായ ഡോ.എസ്.അനൂപ് കുമാര്‍ പറഞ്ഞു.

ഒമിക്രോണ്‍ ബാധിതര്‍ക്ക് പനി,ശക്തമായ തൊണ്ടവേദന,ചുമ എന്നിവയാണ് അനുഭവപ്പെടുക. എന്നാല്‍ ഇതിന് അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ആവശ്യമല്ല. വൈറസ് രോഗമായ കൊവിഡിന് ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് പ്രായോഗികമല്ല. കൊവിഡിന്റെ തുടക്ക സമയത്ത് അസിത്രോമൈസിന്‍,ഡോക്‌സിസൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള പഠനങ്ങളില്‍ ഇത്തരം മരുന്നുകള്‍ ഗുണം ചെയ്യുന്നില്ലെന്ന് വ്യക്തമായി. .കൊവിഡ് സ്ഥിരീകരിക്കുന്നതോടെ പലരും സ്വയം ചികിത്സ ആരംഭിക്കുന്നതാണ് അപകടം.

പോസിറ്റിവായാല്‍

ഗുരുതരമായ ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ വീടുകളില്‍ കഴിഞ്ഞ് മതിയായ ഭക്ഷണം കഴിച്ച്‌ വിശ്രമിക്കണം. പനിയും ശരീരവേദയും ഉള്‍പ്പെടെയുള്ള അസ്വസ്ഥകളുള്ളവര്‍ പാരസെറ്റമോള്‍ 650mg നാലു നേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണവിധേയമാവുന്നില്ലെങ്കിലോ ആദ്യ അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞിട്ടും പനി വിടാതെ നില്‍ക്കുകയാണെങ്കിലോ വൈദ്യസഹായം തേടണമെന്നാണ് വിദഗ്ധാഭിപ്രായം.

ആന്റിബയോട്ടിക് റസിസ്റ്റന്‍സ്

ശരീരവും അസുഖമുണ്ടാക്കുന്ന രോഗാണുക്കളും മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥയാണിത്. മരുന്നുകളെ പ്രതിരോധിക്കാനുള്ള ശക്തി രോഗാണുക്കള്‍ നേടുന്നതോടെ ആ മരുന്ന് ഉപയോഗശൂന്യമാകും. ഇക്കാരണങ്ങളാല്‍ പുതിയ രോഗാണുക്കളും രോഗങ്ങളും രൂപംകൊള്ളും.

‘നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 95ശതമാനവും ഒമിക്രോണാണ്. അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഫലം ചെയ്യില്ല. മറ്റു ദോഷങ്ങളുണ്ടാക്കും.’

-ഡോ.അനൂപ് കുമാര്‍.എ.എസ്

മേധാവി,ക്രിട്ടിക്കല്‍ മെഡിസിന്‍,

ബേബി മെമ്മോറിയല്‍ ആശുപത്രി കോഴിക്കോട്

മരുന്ന് നല്‍കരുത്

ഷെഡ്യൂള്‍ എച്ച്‌, എച്ച്‌1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന മരുന്ന് വില്‍പനക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നു ഡ്രഗ്സ് കണ്‍ട്രോളര്‍ പി.എം.ജയന്‍ അറിയിച്ചു. പനി,ചുമ,ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.