മുൻ യുപി മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്‍റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു. യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി യുപി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് അപർണ ബിജെപി അംഗത്വം സ്വീകരിച്ചത്. ദില്ലിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അവർ ബിജെപിയിൽ ചേർന്നത്. തനിക്ക് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും, രാജ്യമാണ് തനിക്ക് മുഖ്യമെന്നും അംഗത്വം സ്വീകരിച്ച ശേഷം അപർണ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ തനിക്ക് വലിയ ആദരവുണ്ടെന്നാണ് അപർണ പറയുന്നത്. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ തന്നെ പ്രചോദിപ്പിച്ചു. അതിനാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്നും അപർണ വ്യക്തമാക്കുന്നു. എന്നാൽ മുലായം സിംഗ് യാദവിനെക്കുറിച്ചോ അഖിലേഷിനെക്കുറിച്ചോ അപർണ ബിജെപി പാർട്ടി വേദിയിൽ വച്ച് ഒന്നും പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.

നേരത്തേ തന്നെ ബിജെപിയുടെ പ്രവർത്തനങ്ങളെയും പാർട്ടിയെയും പരസ്യമായി അപർണ പ്രശംസിച്ചത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നതാണ്. രാമക്ഷേത്ര നിർമാണത്തിന് 11 ലക്ഷം രൂപയാണ് അപർണ സംഭാവന നൽകിയത്. ദേശീയ പൗരത്വരേഖയായ എൻആർസി രാജ്യത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞ അപർണ ജമ്മു കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോൾ അതിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അപർണ ബിജെപിയിലെത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ, പാർട്ടിയിൽ നിന്ന് കൂട്ടത്തോടെ മന്ത്രിമാരടക്കം കൊഴിഞ്ഞുപോയ സമയത്താണ് മുലായം കുടുംബത്തിൽ നിന്ന് തന്നെ ഒരാളെ ബിജെപി സ്വന്തം ക്യാംപിലേക്ക് എത്തിക്കുന്നത്.

അതേസമയം, അഖിലേഷ് യാദവ് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുന്നതിലടക്കം എല്ലാ രീതിയിലും പരാജയമെന്നാണ് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആരോപിച്ചത്. അതിന് തെളിവായാണ് എസ്പിയിൽ നിന്ന് കൂട്ടത്തോടെ ആളുകൾ ബിജെപിയിലേക്ക് ഒഴുകുന്നതെന്നും മൗര്യ പറയുന്നു. മൂന്ന് ബിജെപി മന്ത്രിമാരും എംഎൽഎമാരും സമാദ് വാദി പാർട്ടിയിൽ ചേർന്നതിന് പിന്നാലെ അപർണയെ ബിജെപിയിലെത്തിക്കാനായത് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നുറപ്പാണ്. കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ ബിജെപിയിലേക്ക് പോകുന്നത് അഖിലേഷ് യാദവിന് ചെറുതല്ലാത്ത തിരിച്ചടിയാണ്.

രണ്ടായിരത്തിപ്പതിനൊന്നിലാണ് അപർണ യാദവ് അഖിലേഷ് യാദവിന്‍റെ അർദ്ധസഹോദരൻ പ്രതീക് യാദവിനെ വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകളുണ്ട്. മാധ്യമപ്രവർത്തകനായ അരവിന്ദ് സിംഗ് ബിഷ്ടിന്‍റെ മകളാണ് അപർണ. അരവിന്ദ് സിംഗ് ബിഷ്ട് ഇപ്പോൾ യുപിയിലെ സംസ്ഥാന വിവരാവകാശ കമ്മീഷണർ ആണ്. അവരുടെ അമ്മ അംബി ബിഷ്ട് ലഖ്നൗ മുൻസിപ്പൽ കോർപ്പറേഷനിൽ ഉദ്യോഗസ്ഥയാണ്. വിവാഹശേഷം സാമൂഹ്യസേവന രംഗത്ത് സജീവമാണ് അപർണ. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് ഇന്‍റർനാഷണൽ റിലേഷൻസിലും പൊളിറ്റിക്സിലും ബിരുദാനന്തബിരുദം നേടിയിട്ടുണ്ട് അപർണ.

മുലായം സിംഗിന്‍റെ ആദ്യഭാര്യ മാലതി ദേവിയുടെ മകനാണ് അഖിലേഷ് യാദവ്. മുലായത്തിന്‍റെ രണ്ടാം ഭാര്യ സാധന ഗുപ്തയുടെ മകനാണ് പ്രതീക് യാദവ്. അഖിലേഷ് യാദവിന് ജന്മം നൽകിയതിനെത്തുടർന്നുണ്ടായ ചില ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മാലതി ദേവി ദേഹം തളർന്ന് കിടപ്പിലായിരുന്നു. 2003-ലാണ് അവർ അന്തരിക്കുന്നത്. അഖിലേഷ് പിന്നീട് 2012 മുതൽ 2017 വരെ യുപി മുഖ്യമന്ത്രിയായി. മുലായത്തിന്‍റ പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ 1980-കളിൽത്തന്നെ മുലായം സിംഗ് യാദവിന് സാധന ഗുപ്തയുമായി ബന്ധമുണ്ടായിരുന്നു. സാധന ചന്ദ്രപ്രകാശ് ഗുപ്ത എന്നയാളെ വിവാഹം കഴിച്ചിരുന്നു. 1987-ലാണ് പ്രതീക് യാദവ് ജനിക്കുന്നത്. എന്നാൽ പ്രതീകിന്‍റെ അച്ഛൻ മുലായം സിംഗ് യാദവ് ആണെന്ന്, യാദവ് കുടുംബത്തിന്‍റെ സ്വത്ത് വിവരങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടപ്പോഴാണ് അദ്ദേഹം പരസ്യമായി സമ്മതിക്കുന്നത്. അതിന് ശേഷം യാദവ് കുടുംബത്തിന്‍റെ ഭൂമിയും മറ്റ് കാര്യങ്ങളും നോക്കി നടത്തുന്നത് പ്രതീക് യാദവാണ്.

അഖിലേഷിന്‍റെ ഭാര്യ ഡിംപിൾ യാദവ് കനൗജ് മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു. 2012 മുതൽ 2019 വരെ കനൗജ് മണ്ഡലത്തെ പ്രതിനിധീകരിച്ച ഡിംപിൾ അവിടെ നിന്നുള്ള മൂന്നാമങ്കത്തിൽ ബിജെപി സ്ഥാനാർത്ഥി സുബ്രത് പാഥകിനോട് തോറ്റു.

പ്രതീക് യാദവിന്‍റെ ഭാര്യ അപർണ യാദവിനും 2019-ൽ എസ്പി സീറ്റ് നൽകിയിരുന്നതാണ്. ലഖ്നൗ കന്‍റോൺമെന്‍റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച അപർണ അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ റീത്ത ബഹുഗുണ ജോഷിയോട് തോറ്റിരുന്നു. അതേ ലഖ്നൗ കന്‍റോൺമെന്‍റിൽ നിന്ന് തന്നെ അപർണയെ ബിജെപി മത്സരിപ്പിക്കുമെന്നാണ് സൂചന. റീത്ത ബഹുഗുണ ജോഷി തന്‍റെ മകന് വേണ്ടി കണ്ടുവച്ച സീറ്റാണത്. അതിന് വേണ്ടി വേണമെങ്കിൽ താൻ എംപി സ്ഥാനം രാജിവയ്ക്കാമെന്നും, മകന് വരുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ലഖ്നൗ കന്‍റോൺമെന്‍റിൽ നിന്ന് സീറ്റ് നൽകണമെന്നും പരസ്യമായിപ്പോലും റീത്ത ബഹുഗുണ ജോഷി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യം ബിജെപി ഏതാണ്ട് തള്ളിയ മട്ടാണ്.

403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10-നാണ്.