ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ സമാജ് വാദി പാര്‍ട്ടിക്ക് വലിയ തിരിച്ചടി വരുന്നു.

അപര്‍ണ യാദവ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. എസ്പി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളാണ് അപര്‍ണ യാദവ്. ബിജെപി നേതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ച്ച അവര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. അതേസമയം ബിജെപിയുടെ ദേശീയ നേതൃത്വവുമായി അവര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ദില്ലിയില്‍ അവര്‍ ചര്‍ച്ചകളുടെ ഭാഗമായി എത്തിയിട്ടുണ്ട്. അമിത് ഷായെയും ജെപി നദ്ദയെയും അവര്‍ നാളെ കാണുമെന്നാണ് സൂചന. അതേസമയം അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് അപര്‍ണ ബിജെപിയില്‍ ചേരുന്നത്.

അഖിലേഷിന്റെ നേതൃത്വത്തില്‍ യുപിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സമാജ് വാദി പാര്‍ട്ടി നടത്തുന്നത്. സര്‍വേകളിലെല്ലാം വന്‍ മുന്നേറ്റമാണ് എസ്പി നടത്തിയത്. പക്ഷേ ജയം ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. എന്നാല്‍ സീറ്റുകള്‍ കുറയുമെന്നും പറയുന്നു. അതേസമയം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ബിജെപിയില്‍ നിന്ന് വലിയ തോതില്‍ നേതാക്കള്‍ കൊഴിഞ്ഞുപോയിരുന്നു. ഇതോടെ സംസ്ഥാനത്തെ ട്രെന്‍ഡ് ഒന്നാകെ മാറിയെന്നും വിലയിരുത്തലുണ്ട്. മൂന്ന് മന്ത്രിമാരാണ് യോഗിയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. പതിനഞ്ച് എംഎല്‍എമാരോളം ബിജെപിയെ കൈവിടുകയും ചെയ്തു. ഇത് എസ്പിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷ.

അതേസമയം അഖിലേഷ് ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികളുടെ വന്‍ പിന്തുണയോടെയാണ് മത്സരിക്കുന്നത്. സിപിഎമ്മും മറ്റ് ഇടത് പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം അഖിലേഷിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഖിലേഷിനായി പ്രചാരണത്തിനും മമത എത്തുന്നുണ്ട്. ശരത് പവാറിന്റെ എന്‍സിപിയും എസ്പിക്കൊപ്പം സഖ്യത്തില്‍ മത്സരിക്കുന്നുണ്ട്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പരീക്ഷണ വേദിയായിട്ടാണ് യുപി തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നത്. യുപി പിടിച്ചാല്‍ അതോടെ ബിജെപി തകരുമെന്നാണ് പ്രതീക്ഷ. അതിന് വേണ്ടി സര്‍വ സന്നാഹവും ഉപയോഗിച്ചാണ് എസ്പി മത്സരിക്കുന്നത്.

കോണ്‍ഗ്രസ് പക്ഷേ പ്രതിപക്ഷ നിരയില്‍ അല്ല മത്സരിക്കുന്നത്. ഒറ്റയ്ക്കാണ് യുപിയില്‍ അവര്‍ മത്സരിക്കുന്നത്. ഇതിനിടയിലാണ് എസ്പിക്ക് അപര്‍ണ യാദവിനെ നഷ്ടമാകുന്നത്. അഖിലേഷിന്റെ അര്‍ധ സഹോദരന്‍ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഖ്‌നൗ കന്റോണ്‍മെന്റില്‍നിന്ന് അപര്‍ണ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. അപര്‍ണയുടെ ഭര്‍ത്താവ് പ്രതീക് രാഷ്ട്രീയത്തില്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. റിയല്‍ എസ്റ്റേറ്റ്, ജിം ബിസിനസുകളിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധം. മുലായം സിംഗിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെ മകനാണ് പ്രതീക്. അതേസമയം അപര്‍ണ പാര്‍ട്ടി വിടുമെന്നത് കുടുംബ പ്രശ്‌നം മാത്രമാണെന്നായിരുന്നു അഖിലേഷ് പ്രതികരിച്ചത്.