വിഴിഞ്ഞം: 14കാരിയുടെ കൊലപാതകക്കേസില്‍ പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമായത് വനിതാ സി.പി.ഒ വിജിതയുടെ സംശയം.

പെണ്‍കുട്ടി കൊല്ലപ്പെട്ടപ്പോള്‍ കോവളം സ്റ്റേഷനിലായിരുന്നു വിജിത ജോലി ചെയ്‌തിരുന്നത്. അന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഇവര്‍ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന റഫീക്കയെ ചോദ്യം ചെയ്‌തിരുന്നു.

മുല്ലൂരില്‍ ശാന്തകുമാരിയെ (71) കൊലപ്പെടുത്തിയ കേസില്‍ റഫീക്കയെ പിടികൂടിയതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലും ഇവരെ ചോദ്യം ചെയ്‌തിരുന്നതായി വിജിതയ്‌ക്ക് മനസിലായി. സംശയം മേലധികാരികളെ അറിയിച്ചതോടെ പൊലീസ് ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചു. അതിനിടെ വൃദ്ധ കൊല്ലപ്പെട്ട വാടകവീടിന്റെ ഉടമസ്ഥന്റെ മകനും പ്രതികളുടെ വഴക്കിനിടെ പെണ്‍കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച്‌ കേട്ടതായി പൊലീസിന് മൊഴി നല്‍കി. ഇതോടെയാണ് പ്രതികളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. രണ്ടിടത്തെയും കൊലപാതകം ഒരേ രീതിയിലായതും പ്രതികളുടെ സാന്നിദ്ധ്യവുമാണ് സംശയത്തിനിടയാക്കിയതെന്ന് വിജിത പറഞ്ഞു.