ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ സ്റ്റിറോയിഡ് നല്‍കരുതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രണ്ടാം തരംഗ സമയത്ത് കോവിഡ് അനുബന്ധ രോഗമായി ബ്ലാക്ക് ഫംഗസ് രാജ്യത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു. സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം ബ്ലാക്ക് ഫംഗസ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്.

കോവിഡ് ചികിത്സയ്ക്ക് സ്റ്റിറോയിഡ് തുടക്കത്തില്‍ തന്നെ നല്‍കുന്നതും അമിതമായി നല്‍കുന്നതും ദീര്‍ഘകാലം നല്‍കുന്നതും ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കോവിഡ് അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസ് ഇത്തരം രോഗികള്‍ക്ക് വരാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം കോവിഡ് തരംഗ സമയത്ത് സ്റ്റിറോയിഡ് രോഗികള്‍ക്ക് അമിതമായി നല്‍കിയതില്‍ കോവിഡ് ദൗത്യസംഘം തലവനും നീതി ആയോഗ് അംഗവുമായ ഡോ. വി കെ പോള്‍ കഴിഞ്ഞദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു.

നേരിയ രോഗലക്ഷണങ്ങള്‍ , മിതമായ തോതിലുള്ള രോഗലക്ഷണങ്ങള്‍, കടുത്ത രോഗലക്ഷണങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് നിലവില്‍ കോവിഡ് ചികിത്സ നല്‍കുന്നത്. മൂന്നാഴ്ചയില്‍ കൂടുതല്‍ ചുമ തുടര്‍ന്നാല്‍ രോഗികള്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ക്ഷയമോ മറ്റു രോഗാവസ്ഥകളാണോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്താന്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ശ്വസനപഥത്തിന്റെ മുകളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെയാണ് നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ശ്വാസതടസ്സം ഉള്‍പ്പെടെ കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ് ഈ കൂട്ടത്തില്‍പ്പെടുക. ഇവര്‍ക്ക് ഹോം ഐസൊലേഷന്‍ മതിയെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പനി കൂടുകയോ, ശ്വാസം തടസ്സം അനുഭവപ്പെടുകയോ ചെയ്താല്‍ ഇവര്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

ശ്വാസതടസ്സവും ഓക്‌സിജന്‍ ലെവല്‍ 90 നും 93നും ഇടയിലുമുള്ളവരാണ് മിതമായ തോതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ ഗണത്തില്‍ ഉള്‍പ്പെടുക. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. ഇവര്‍ക്ക് ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ശ്വാസതടസ്സം നേരിടുന്നത് അടക്കം കടുത്ത രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഐസിയുവില്‍ പ്രവേശിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ക്ക് മാത്രമേ അടിയന്തര സാഹചര്യത്തില്‍ റെംഡെസിവിര്‍ മരുന്ന് നല്‍കാന്‍ പാടുള്ളൂ. ഇവര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായി പത്തുദിവസത്തിനിടെ വ്യക്ക സംബന്ധമായോ കരള്‍ സംബന്ധമായോ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഓക്‌സിജന്‍ സഹായം ആവശ്യമില്ലാത്തവര്‍ക്ക് ഈ മരുന്ന് നല്‍കരുതെന്നും
മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.