2012 നവംബറില്‍ കൊളംബോയിലെ വെലിക്കട ജയിലില്‍, വധശിക്ഷാ രീതിയില്‍ 27 തടവുകാരെ കൂട്ടക്കൊല ചെയ്ത കേസില്‍ ശ്രീലങ്കയിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥന് വധശിക്ഷ വിധിച്ചു.

കൊളംബോ ഹൈക്കോടതി ബുധനാഴ്ച ജയില്‍ കമ്മീഷണര്‍ എമില്‍ ലമാഹെവഗെ കുറ്റക്കാരനാണെന്ന് വിധിക്കുകയും കൊലപാതകങ്ങളില്‍ സഹപ്രതിയായ പൊലീസ് കമാന്‍ഡോ മോസസ് രംഗജീവയെ വെറുതെവിടുകയും ചെയ്തു.

2019 ജൂലൈയില്‍ ആണ് കൊലപാതകങ്ങള്‍ക്ക് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയത്. ആകെ 27 പേര്‍ വെടിയേറ്റ് മരിച്ചെങ്കിലും എട്ട് പേര്‍ക്കെതിരെ മാത്രമാണ് തെളിവുകള്‍ ശേഖരിച്ചത്.

ജയിലില്‍ നടന്ന കലാപം അടിച്ചമര്‍ത്താനും ആയുധപ്പുരയില്‍ നിന്നും ആയുധമെടുത്തെന്ന് ആരോപിക്കപ്പെട്ട തടവുകാരെ നിരായുധരാക്കാനും പൊലീസ് കമാന്‍ഡോകളെ ഉപയോ​ഗിച്ചു.

സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ പറയുന്നതനുസരിച്ച്‌ എട്ട് തടവുകാരെ പേരെടുത്ത് വിളിച്ച്‌ വധശിക്ഷാരീതിയില്‍ കൊലപ്പെടുത്തുകയും, മറ്റുള്ളവര്‍ വെടിയേറ്റുമാണ് മരിച്ചത്.

കോടതി രേഖകള്‍ പ്രകാരം ഇരകള്‍ ജയില്‍ ​ഗാര്‍ഡുകള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെന്ന് വരുത്താന്‍ വേണ്ടി ആയുധങ്ങള്‍ ഉപയോഗിച്ചു. എന്നാല്‍ ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.

അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ട കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവര്‍ ശ്രീലങ്കയിലെ ദേശീയ മ്യൂസിയത്തിലും, ക്ഷേത്രത്തിലും മോഷണം നടത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ടവരാണ്.