പുതിയ അപകടകാരിയായ കൊറോണ വൈറസ് വകഭേദത്തിന് ചൈനീസ് പ്രസിഡന്‍റ് ഷീയുടെ പേര് നല്‍കാത്തതില്‍ ലോകാരോഗ്യസംഘടനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രതിഷേധം.

പുതിയ വൈറസ് വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തില്‍ പേര് നല്‍കുന്ന രീതിയാണ് ലോകാരോഗ്യസംഘടന ഇതുവരെ പിന്തുടര്‍ന്നിരുന്നത്. ഈ ക്രമമനുസരിച്ച്‌ ഗ്രീക്ക് അക്ഷരമാലയിലെ ‘നൂ'(Nu) അല്ലെങ്കില്‍ അതിന്‍റെ തൊട്ടടുത്ത അക്ഷരമായ ഷി (Xi) എന്നോ ആണ് പേര് നല്‍കേണ്ടത്. നൂ(Nu) എന്ന പദം ഇംഗ്ലീഷിലെ ന്യൂ(New) എന്ന വാക്കിന് സമാനമായതിനാല്‍ പുതിയത് എന്ന അര്‍ത്ഥം വരുന്നതിനാല്‍ ആശയക്കുഴപ്പം ഉണ്ടായേക്കാമെന്ന് കരുതുന്നു. എന്നാല്‍ അതിന് ശേഷമുള്ള വാക്കായ ഷീ(Xi) ഒഴിവാക്കിയത് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്‍റെ (Xi Jinping) പേരുമായി സാമ്യമുള്ളതിനാലാണെന്നും വിമര്‍ശനമുയരുന്നു.

ശനിയാഴ്ച ലോകാരോഗ്യസംഘടനയുടെ പാനല്‍ യോഗം ചേര്‍ന്നതിന് ശേഷം ദക്ഷിണാഫ്രിക്കയിലും ബോട്‌സ്വാനയിലും കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും അതിനെ “ഒമിക്രോണ്‍” (Omicron) വകഭേദമെന്ന് നാമകരണം ചെയ്യുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.

പ്രതികരണങ്ങളില്‍ ഹാര്‍വാഡ് മെഡിക്കല്‍ കോളെജിലെ എപ്പിഡെമിയോളജിസ്റ്റ് മാര്‍ട്ടിന്‍ കള്‍ഡോര്‍ഫിന്‍റേതായി വന്ന ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കൊറോണ വൈറസ് വകഭേദത്തെ ഷീ വകഭേദം എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യസംഘടന ഗ്രീക്ക് അക്ഷരമാല ക്രമം ഒഴിവാക്കിയതെന്നാണ് ഇദ്ദേഹം തുറന്നടിച്ചത്. പകരം പുതിയ വകഭേദത്തിന് ഒമിക്രോണ്‍ എന്ന പേരാണ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനെ പേരുമായി സാമ്യം വരുന്നതിനാലാണ ലോകാരോഗ്യസംഘടന ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ഉയര്‍ത്തുന്ന വിമര്‍ശനം. പൊതുവേ ലോകാരോഗ്യസംഘടനയ്ക്ക് ചൈനയോടുള്ള വിധേയത്വമാണ് ഒമിക്രോണ്‍ എന്ന നാമകരണത്തിന് പിന്നിലെന്ന വിമര്‍ശനവും വ്യാപകമാണ്.