പത്തനംതിട്ടയിൽ ശക്തമായ മഴ. മൂന്നിടങ്ങളിൽ ഉരുൾപൊട്ടിയതായി റിപ്പോർട്ട്. സീതത്തോട് കോട്ടമൺപാറയിലും ആങ്ങമൂഴി തേവർമല വനമേഖലയിലുമാണ് ഉരുൾപൊട്ടലുണ്ടായത്.

റാന്നി കുറുമ്പൻമൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കുത്തൊഴുക്ക് ഉണ്ട്. കോട്ടമൺപാറയിൽ കാർ ഒലിച്ചുപോയി. ലക്ഷ്മീഭവനിൽ സഞ്ജയന്റെ കാറാണ് ഒഴുക്കിൽപ്പെട്ടത്.ഇയാളുടെ പുരയിടത്തിലെ തൊഴുത്തും തകർന്നു. പാലത്തടിയാർ പാലത്തിനു മുകളിലൂടെ വെളളം ഒഴുകുകയാണ്. നിലവിൽ കക്കാട്ടാറിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കുറുമ്പൻ മൂഴിയിൽ ഒരു വീട് തകർന്നു. ചിലന്തികുന്നേൽ മനോജിന്റെ വീടാണ് തകർന്നത്. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് ആളപായമില്ല.

കോട്ടയത്ത് കനത്തമഴ തുടരുകയാണ്. കിഴക്കൻ മേഖലകളായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ കരകവിഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യതുടരുന്നു ത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴിയുടെ സ്വാധീനം മൂലം സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതുണ്ട്. ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.