ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം ‘ഐന്‍ ദുബായ്’ ഉദ്ഘാടനം ചെയ്തു. ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡില്‍ 250 മീറ്റര്‍ ഉയരമാണ് ഐന്‍ ദുബായ്ക്കുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ സംഗീത-നൃത്ത പരിപാടികള്‍, ലൈറ്റ് ഷോ, ഡ്രോണ്‍ ഷോ, കരിമരുന്നു പ്രയോഗം എന്നിവയെല്ലാം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് സന്ദര്‍ശകര്‍ക്ക് ഐന്‍ ദുബായിയിലേക്ക് പ്രവേശനം അനുവദിച്ചത്.

ഒരേ സമയം 1,750 പേര്‍ക്ക് ഐന്‍ ദുബായിയില്‍ പ്രവേശിക്കാം. അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന 48 പാസഞ്ചര്‍ ക്യാബിനുകളാണ് ഐന്‍ ദുബായിയിലുള്ളത്. ഒരു തവണ കറങ്ങാന്‍ 38 മിനിറ്റ് വേണം. ഒരു ക്യാബിനില്‍ 40 പേര്‍ക്കുവരെ കയറാമെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് 7 പേരെ മാത്രമേ അനുവദിക്കൂ. കുടുംബമായോ ഗ്രൂപ്പ് ആയോ വന്നാല്‍ 10 പേര്‍ക്ക് വരെ പ്രവേശിക്കാം.