ഉരുള്‍ പൊട്ടലില്‍ പതിനൊന്ന് പേര്‍ മരിച്ച കോട്ടയം കൂട്ടിക്കലില്‍ ക്വാറികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനം. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് സജിമോന്‍ മീഡിയാവണിനോട് പറഞ്ഞു. പ്രദേശത്ത് നടക്കുന്ന ഖനനത്തെ കുറിച്ച്‌ സര്‍ക്കാര്‍ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു.മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത് പത്തോളം ക്വാറികളാണെന്ന് 2019ല്‍ മീഡിവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരിസ്ഥിതി ലോല മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം പാടില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. അതിന് ശേഷവും ക്വാറികള്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍ പൊട്ടലില്‍ 11 പേര്‍ക്ക് ജീവന്‍ നഷ്ടമായി.ഈ സാഹചര്യത്തിലാണ് ക്വാറികളുടെ പ്രവര്‍ത്തനത്തെപ്പറ്റി പഠിക്കണമെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെടുന്നത്

പഞ്ചായത്ത് അനുമതി നിഷേധിച്ചാലും ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടുന്നത്. 2018 ജിയോളജി വകുപ്പും 2019ല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡും നടത്തിയ പഠനത്തില്‍ ഇവിടം പിരിസ്ഥിതി ലോല മേഖലയാണെന്ന് കണ്ടെത്തിയതാണ്.അതുകൊണ്ട് തന്നെ ഇത്തരം ഖനനപ്രവര്‍ത്തികള്‍ പൂര്‍ണ്ണമായും ഒഴിവാകാനുള്ള നടപടി സര്‍ക്കാര്‍തലത്തിലും ഉണ്ടാകണമെന്നാണ് ആവശ്യം.