ന്യൂഡല്‍ഹി : ലഡാക്ക് അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യം പിന്‍വാങ്ങണമെന്ന നിലപാടില്‍ ഉറച്ച്‌ ഇന്ത്യ. ഇന്നലെ നടന്ന കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് സൈനിക പിന്മാറ്റം ആവശ്യമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചത്. രാവിലെ ആരംഭിച്ച ചര്‍ച്ചകള്‍ വൈകിയാണ് അവസാനിച്ചത്.

ചൈനീസ് ഭാഗമായ മോള്‍ഡോയിലായിരുന്നു ഇന്ത്യ- ചൈന കോര്‍കമാന്‍ഡര്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. രാവിലെ 10.30 ഓടെ ആരംഭിച്ച ചര്‍ച്ച എട്ട് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഹോട്‌സ്പ്രിംഗിലെ പട്രോളിംഗ് പോയിന്റ് 15 ല്‍ നിന്നുള്ള സൈനിക പിന്മാറ്റമായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. അതേസമയം ചര്‍ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഘര്‍ഷ മേഖലകളില്‍ മുഖാമുഖം നിലയുറപ്പിച്ച സൈനികര്‍ പിന്മാറണമെന്ന് ഇന്ത്യ ചൈനയോട് ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ദെപ്‌സാംഗ് മേഖലയില്‍ നിന്നും ഇരുവിഭാഗം സൈന്യങ്ങളും പിന്‍വാങ്ങണമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ ഇത് അനിവാര്യമാണെന്നും ഇന്ത്യ ചൈനയെ അറിയിച്ചു.

ചൈനീസ് പ്രകോപനത്തിന് പിന്നാലെ ലഡാക്കില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ചര്‍ച്ചകളിലൂടെ പൂര്‍ണമായും പരിഹരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനാല്‍ ആരംഭം മുതല്‍ തന്നെ ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. കഴിഞ്ഞ തവണ നടത്തിയ ചര്‍ച്ചകളുടെ ഫലമായി ഗാല്‍വന്‍, പാംഗോംങ്, ഗോഗ്ര എന്നിവിടങ്ങളില്‍ നിന്നും ഇരു വിഭാഗം സൈനികരും പൂര്‍ണമായും പിന്‍വാങ്ങിയിട്ടുണ്ട്.

കടന്നുകയറിയ മേഖലകളില്‍ നിന്നെല്ലാം ചൈനീസ് സൈന്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇതിന് ചൈന തയ്യാറാകുന്നില്ല. മാത്രമല്ല അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷത്തിന് ചൈന ശ്രമിക്കുന്നുമുണ്ട്.

കഴിഞ്ഞ ആഴ്ച അരുണാചല്‍ അതിര്‍ത്തിവഴി ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതിരോധിച്ചതോടെ ചൈനീസ് സൈന്യം മടങ്ങുകയായിരുന്നു.