ഷിക്കാഗോ∙ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകയുടെ വികാരിയായി ഫാ. ജെറി മാത്യു സെപ്റ്റംബര്‍ 27ന് ചാര്‍ജെടുത്തു. നോര്‍ത്ത് അമേരിക്കയില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ച മൂന്നു മലങ്കര കത്തോലിക്കാ വൈദികരില്‍ ഒരാളാണ് ഫാ. ജെറി മാത്യു.

കേരളത്തില്‍ ജനിച്ചു പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം നാട്ടില്‍ പൂര്‍ത്തിയാക്കിയശേഷം, അമേരിക്കയിലെത്തിയ ജെറി അച്ചന്‍, ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് മിഷിഗണിലാണ്. പിന്നീട് മിഷിഗണിലെ ഓക്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു സൈക്കോളജിയിലും ഫിലോസഫിയിലും ബിരുദം കരസ്ഥമാക്കി.

തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി, സെന്റ് മേരീസ് മലങ്കര കാത്തലിക് മേജര്‍ സെമിനാരി എന്നിവടങ്ങളില്‍ വൈദീക പഠനം നടത്തിയതിനുശേഷം ന്യൂയോര്‍ക്ക് സെന്റ് ജോസഫ് ഡണ്‍വൂഡി സെനിനാരിയില്‍ നിന്ന് ഡിവിറ്റിയിലും, തിയോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

2016-ല്‍ സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ സെന്റ്.തോമസ് മാര്‍ യൗസേബിയോസ് പിതാവില്‍ നിന്നു വൈദീക പട്ടം സ്വീകരിച്ചു. തുടർന്നു സെന്റ് വിന്‍സന്റ് ഡീ പോള്‍ മലങ്കര കാത്തലിക് കത്തീഡ്രല്‍ സഹവികാരി, യോങ്കേഴ്‌സ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവക വികാരി, ബോസ്റ്റണ്‍ മലങ്കര കാത്തലിക് മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവടങ്ങളും കൂടാതെ ന്യൂയോര്‍ക്കിലെ അമേരിക്കന്‍ കത്തോലിക്കാ ദേവാലയങ്ങളിലും വൈദീക ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്.

അതോടൊപ്പം അമേരിക്കയിലെ മലങ്കര കത്തോലിക്കാ രൂപത യുവജനപ്രസ്ഥാനത്തിന്റെ ഡയറക്ടര്‍ എന്ന നിലയിലും വിശിഷ്ട സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു യൂത്ത് മിനിസ്ട്രി ലൈസന്‍ഷ്യേറ്റില്‍ സ്വര്‍ണ്ണ മെഡലും കരസ്ഥമാക്കിയ അച്ചന്‍ ഡോക്ടറല്‍ പഠനം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ജെറി അച്ചന്റെ മാതാപിതാക്കളും കുടുംബവും ഡിട്രോയിറ്റ് മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളാണ്. ജെറി അച്ചന് എല്ലാവിധ മംഗളങ്ങളും വിജയാശംസകളും നേരുന്നു. ബെഞ്ചമിന്‍ തോമസ് അറിയിച്ചതാണിത്.