കെയ്‌റോ: സൗദിയുടെ തെക്കന്‍ നഗരമായ ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തില്‍ ശക്തമായ ഡ്രോണ്‍ ആക്രമണം. വെള്ളിയാഴ്ചയുണ്ടായ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. സൗദി സ്വദേശികളായ ആറുപേര്‍ക്കും മൂന്ന് ബംഗ്ലാദേശികള്‍ക്കും ഒരു സുദാന്‍ സ്വദേശിക്കുമാണ് പരിക്കേറ്റത്. അഞ്ചുപേരുടെ പരിക്ക് ഗുരുതരമല്ല. മറ്റുള്ളവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ വക്താവിനെ ഉദ്ധരിച്ച്‌ സ്‌റ്റേറ്റ് ന്യൂസ് ഏജന്‍സി (എസ്പിഎ) അറിയിച്ചു.

ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ മുന്‍വശത്തെ ജനാലകളും തകര്‍ന്നു. യെമനിലെ ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. എന്നാല്‍, ഇവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ നിരന്തരം ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിവരികയാണ്. ബുധനാഴ്ച സൗദി അബഹ വിമാനത്താവളം ലക്ഷ്യമാക്കി സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആക്രമണം സഖ്യസേന തടഞ്ഞതിനെത്തുടര്‍ന്ന് നാല് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ആഗസ്ത് 31 ന് ഡ്രോണ്‍ അതേ വിമാനത്താവളത്തില്‍ പതിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിവിലിയന്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.