തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ നിയമം ചുമത്തിയതിനെതിരെ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എ.എം. ജലാൽ, മുഹമ്മദ് ഷാഫി എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന കസ്റ്റംസ് കണ്ടെത്തലിനെ ശരിവച്ചാണ് കോടതി നടപടി. കോഫെപോസ ചുമത്തിയ അഡ്വൈസറി ബോർഡിന്റെ നടപടി റദ്ദാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോഫെപോസ നിയമപ്രകാരം സ്വർണക്കളളക്കടത്തുകേസിലെ പ്രതികളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയാൻ വിചാരണ കൂടാതെ ഒരു വർഷം കരുതൽ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിൻ്റെ പ്രത്യേകത. കോഫെപോസ ബോ‍ർ‍ഡാണ് ഇതിന് അനുമതി നൽകേണ്ടത്.