ചൂട്, ചൂട്, ചൂട്
******
ആഗോളതാപനം അത്യാപത്ത്.
നമുക്ക് അതിജീവിക്കണം. Gamma Rays, X-rays, UV Rays, Light, IR Radiation, Radio Waves എന്നിവയാണ് പ്രധാന സൗരവികിരണങ്ങൾ. ഇവയെല്ലാം തന്നെ free space ൽ പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന വൈദ്യുത-കാന്തിക തരംഗ രൂപങ്ങളാണ്.

ഇവയിൽ Gamma Rays, X-rays, UV Radiation എന്നിവ മനുഷ്യനെ സംബന്ധിച്ച് മാരകമാംവിധം വിപത്കാരികളാണ്. വിവിധ പ്രകാരത്തിലുള്ള സൗരോർജ്ജ വികിരണങ്ങളുടെ 45 ശതമാനത്തോളം അന്തരീക്ഷത്തിൽത്തന്നെ വിനിമയം ചെയ്യപ്പെടുകയാണ്. ഭൂമിയിൽ നിന്ന് 60 കി.മീ ഉയരത്തിൽ വച്ചുതന്നെ X-rays, തീവ്രമായ UV rays എന്നീ അത്യധികം മാരകമായ വികിരണങ്ങളെ ഓക്സിജനും നൈട്രജനും ആഗിരണം ചെയ്യുന്നുണ്ട്. ഇത് നമ്മെ സംബന്ധിച്ച് ഏറെ സഹായകരമാണ്.

ശേഷിക്കുന്ന 55% സൗരവികിരണങ്ങളാണ് ഭൗമോപരിതലത്തിൽ എത്തിച്ചേരുന്നത്. ഇതിൽ 4% ഭൂമിയിൽ നിന്ന് തിരികെ പ്രതിഫലിച്ചുപോകുന്നുണ്ട്.

അപകടകാരികളായ പല സൗര വികിരണങ്ങളും മാരകമായ തോതിൽ ഭുമിയിലെത്താതിരിക്കുവാൻ സഹായിക്കുന്നത് അന്തരീക്ഷത്തിൽ ചില പ്രത്യേക അളവുകളിലും അനുപാതങ്ങളിലും കാണപ്പെടുന്ന ഹരിതഗൃഹവാതകങ്ങളാണ് (Green House Gases അഥവാ GHGs). കാർബൺ, സൾഫർ, നൈട്രജൻ എന്നിവയുടെ ചില ഓക്സൈഡുകളും മീഥേൻ, ഓസോൺ (ഓസോൺ, ചൂട് നിയന്ത്രിക്കുക മാത്രമല്ല ചെയ്യുന്നത്, അത് സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് കിരണങ്ങൾ ജീവരാശിക്കുമേൽ സൃഷ്ടിക്കുന്ന സങ്കീർണ്ണമായ ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്) എന്നീ വാതകങ്ങളും പലതരം ക്ളോറോ ഫ്ലൂറോ കാർബണുകളും (CFCs)നീരാവിയും ഒക്കെയാണ് പ്രധാന GHGs. അന്തരീക്ഷവായുവിന്റെ 1% ആവില്ല ഈ GHGs എല്ലാം ചേർന്നാൽ പോലും.

അന്തരീക്ഷത്തിൽ വാതകങ്ങളുടെ ഏതാണ്ട് 99% നൈട്രജനും (~78%) ഓക്സിജനും(~21%) പങ്കിടുകയാണ്. എന്നാൽ, ചെറിയ അളവിൽ മാത്രം കാണപ്പെടുന്ന GHGs ന്റെ അളവ് കുറഞ്ഞാൽ ഭൂമി തണുത്തുറഞ്ഞുപോകും. അത് -18°C വരെ ആയേക്കും. എന്നാൽ, അവയുടെ അളവ് കൂടിയാൽ ഭൂമിയിൽനിന്ന് താപം തിരിച്ചുപോകുന്നതിന് തടസ്സമാകുകയും ഭൂമിയുടെ ഉപരിതലത്തിന്റെ ചൂട് വർധിക്കുന്നതിന് ഇടയാകുകയും ചെയ്യും. ഈ രണ്ടവസ്ഥകളും ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു ചേർന്നതല്ല.

ഭൗമോപരിതലത്തിന്റെ ചൂട് ക്രമീകരിക്കുന്നതിലും ഭൂമിയിലെ കാലാവസ്ഥയെ നിർണ്ണയിക്കുന്നതിലും അന്തരീക്ഷത്തിലെ GHGs ന്റെ പങ്ക് അത്രയ്ക്ക് നിർണ്ണായകവും പ്രധാനവുമാണ്. ഇത്രകണ്ട് ചെറിയ തോതിൽ അന്തരീക്ഷത്തിൽ കാണപെടുന്ന GHGs ന്റെ അളവിലും അനുപാതത്തിലും നമ്മുടെ നിരവധി പ്രവർത്തനങ്ങൾ അപകടകരമായ മാറ്റങ്ങളാണുണ്ടാക്കുന്നത്.

കഴിഞ്ഞ 100 വർഷങ്ങൾകൊണ്ട് ആഗോളതാപത്തിന്റെ വർദ്ധനവ് ഏതാണ്ട് 0.6°C ആണ്. ഇന്നത്തെ നിരക്ക് തുടർന്നാൽ ഈ നൂറ്റാണ്ടന്ത്യത്തോടെ ഇത് 1.5 °C മുതൽ 5.8°C വരെ ആയേക്കാമെന്നതാണ് ശാസ്ത്രീയമായ നിഗമനം. ഇപ്പോഴത്തെ സ്ഥിതിയുമായി താരതമ്യം ചെയ്താൽ ആപത്തിന്റെ ഭീകരത ബോധ്യമാകും. പ്രസ്തുത കാലപരിധിയിലെ വർദ്ധന 2°C യിൽ അധികാരിച്ചാൽ കളി കാര്യമാകും. ഈ വിധത്തിലുള്ള ആഗോള താപനക്രമം നമ്മുടെകാലാവസ്ഥാപ്രകൃതങ്ങളെയാകെ താളം തെറ്റിക്കും. അത് പ്രായേണ ഭൂമിയിലെ ജീവന്റെ നിലനില്പിനെത്തന്നെ പ്രതിസന്ധിയിലാക്കും.

പ്രധാന പ്രശ്നങ്ങൾ

1. കാലാവസ്ഥാ വ്യതിയാനം
2. വരൾച്ച, മരുവൽക്കരണം
3. ജൈവവൈവിധ്യനാശം
4. കാർഷികോല്പാദനത്തകർച്ച
5. ധ്രുവമഞ്ഞുരുക്കം
6. തീരദേശപ്രളയം
7. ഹരിതമേഖലകളുടെ പുനഃക്രമം
8. പവിഴപ്പുറ്റുകളുടെ നാശം
9. സാമുദ്രികപ്രകൃതങ്ങളുടെ മാറ്റം
10. കടലേറ്റം
11. പ്രകൃതിദുരന്തങ്ങൾ
12. പകർച്ചവ്യാധികൾ
13. ആവാസവ്യവസ്ഥാഭ്രംശം
14. ഭക്ഷ്യദൗർലഭ്യം
15. ജലക്ഷാമം
16. ജീവികളിലെ ഹോർമോൺ പ്രവർത്തനങ്ങളിലെ താളപ്പിഴകൾ
എന്നിവയൊക്കെയാണ്.

അന്തരീക്ഷത്തിലെ GHGs ന്റെ അളവ് വർദ്ധിപ്പിക്കുന്ന പ്രവൃത്തികൾ നിയന്ത്രിച്ചെങ്കിൽ മാത്രമേ ഭൗമോപരിതലത്തിന്റെ താപവർധനത്തോത് കുറയ്ക്കുവാൻ കഴിയൂ.

നിർഭാഗ്യവശാൽ, ആധുനിക കാലഘട്ടത്തിലെ നമ്മുടെ ഒട്ടുമിക്ക പ്രവൃത്തികളും കൂടുതൽ GHGs ഉല്പാദിപ്പിക്കുന്നവയാണ്. ഡീസൽ പെട്രോൾ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെയും വൈദ്യുതിയുടെയും ഉപയോഗം ഗണ്യമായി കുറച്ചേ നമുക്ക് നിവൃത്തിയുള്ളു. ഏറ്റവുംകൂടുതൽ താപോർത്സനപ്രക്രിയകൾ ഉൾപ്പെടുന്നതാണ് താപവൈദ്യുതിയുടെ ഉത്പാദനം. അതിനാൽ തന്നെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നത് ആഗോളതാപന നിയന്ത്രണത്തിന് നിശ്ചയമായും സഹായകമാണ്.

അടിയന്തിരമായി ഒരു Clean Development Culture രൂപപ്പെടുത്തുവാൻ നമുക്ക് ശ്രദ്ധിക്കണം.

താഴെപ്പറയുന്ന പ്രവർത്തനങ്ങൾ ആഗോളതാപനത്തെ നിയന്ത്രിക്കുവാൻ സഹായകമാകും.

1. കാർബൺ ഉത്പാദനം കഴിയുന്നത്ര നിയന്ത്രിക്കുക.
2. വൈദ്യുതി ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങളുടെയും യന്ത്രങ്ങളുടെയും ഉപയോഗം കഴിയുന്നത്ര നിയന്ത്രിക്കുക.
3. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക.
4. പരി:സ്ഥിതിസൗഹൃദമായ നിർമ്മാണ രീതികൾ അവലംബിക്കുക.
5. പൊതു യാത്രാസൗകര്യങ്ങളെ പരമാവധി ആശ്രയിക്കുക.
6. ചെറിയ ദൂരങ്ങളിലേയ്ക്ക് സൈക്കിൾ സവാരിയോ നടത്തമോ ശീലമാക്കുക.
7. ചപ്പുചവറുകൾ കത്തിക്കാതിരിക്കുക. പകരം അവയെ കമ്പോസ്റ്റ് ചെയ്യുക.
8. കൂടുതൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും ജൈവവൈവിധ്യം പരിപോഷിപ്പിക്കുകയും ചെയ്യുക.
9. Tinned meat ന്റെ ഉപയോഗം കുറയ്ക്കുക.
10. കാട്ടുതീയും വനനാശനവും നിയന്ത്രിക്കുക.
11. ശാസ്ത്രീയമായ ഭൂവിനിയോഗം അനുവർത്തിക്കുകയും ഭൂമി തരിശിടാതിരിക്കുകയും ചെയ്യുക.
12. മണ്ണൊലിപ്പ് നിയന്ത്രിക്കുക.
13. കാവുകൾ സംരക്ഷിക്കുക
14. സാമൂഹ്യാടിസ്ഥാനത്തിലുള്ള ജലസംരക്ഷണപ്രവർത്തനങ്ങൾ .
15. ശാസ്ത്രീയവും പ്രകൃതി സൗഹാർദ്ദപരവുമായ കൃഷിരീതികൾ.
16. പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുക.
17. ആവാസവ്യവസ്ഥാസംരക്ഷണം
18.പ്ലാസ്റ്റിക്കിന്റെ ക്രമാനുഗതമായ വർജ്ജനം ഇത്യാദി.

ജീവിതം അത്യന്തം ദുസ്സഹമാകുന്ന ഒരു കാലത്തിലേക്ക് നാം കടക്കുകയാണ്. പലപ്രശ്നങ്ങളും നമ്മുടെ സൃഷ്ടികളാണെന്നതാണ് വാസ്തവം. അതൊക്കെ തിരുത്തുവാനും ജീവനേയും ജീവനത്തേയും ജീവിതത്തേയും സുഗമമാക്കുവാനും നമുക്ക് ശ്രമിച്ചേ നിവൃത്തിയുള്ളു ; നമുക്കുവേണ്ടിയും ഇനി വരാനുള്ളവർക്കുവേണ്ടിയും. ജീവിതത്തിന് ഒരു ഹരിതശൈലി നമുക്ക് കണ്ടെത്തണം. അതിനായി നമുക്ക് ശ്രമിക്കാം.