ഭോപ്പാല്‍: നീണ്ട പതിനഞ്ച് വര്‍ഷത്തെ കഠിന പരിശ്രമത്തിനു ശേഷം തൊഴിലാളികള്‍ക്ക് ലഭിച്ചത് 8.22 കാരറ്റ് വജ്രം. മധ്യപ്രദേശിലെ പന്നയിലുള്ള ഖനിയില്‍ ജോലി ചെയ്യുന്ന നാല് തൊഴിലാളികള്‍ക്കാണ് ഈ നിധി ലഭിച്ചത്.

40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രമാണ് തൊഴിലാളികള്‍ക്ക് ലഭിച്ചതെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. വജ്രത്തെ ഈ മാസം തന്നെ ലേലത്തിനു വെയ്‌ക്കുമെന്ന് പന്ന ജില്ലാ കളക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര അറിയിച്ചു.

ലേലത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്നും സര്‍ക്കാര്‍ നികുതി എടുത്ത ശേഷം ഭാക്കിയുള്ള തുക ഖനനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് നല്‍കും. ഈ വജ്രം, ഖനനത്തിലൂടെ ലഭിച്ച മറ്റ് അമൂല്യ രത്‌നങ്ങള്‍ക്കോപ്പം സെപ്റ്റംബര്‍ 21 മുതല്‍ ലേലത്തിനു വെയ്‌ക്കും.

രഗുവീര്‍ പ്രജാപതിയ്‌ക്കും മൂന്ന സുഹൃത്തുകള്‍ക്കുമാണ് ഈ സൗഭാഗ്യം വന്നു ചേര്‍ന്നത്. പാട്ടത്തിനെടുത്ത ഹിരാപുര്‍ ടപരിയാന്‍ ഖനിയില്‍ നിന്നുമാണ് വജ്രം ലഭിച്ചത്. ലേലത്തിലൂടെ ലഭിക്കുന്ന തുക മക്കളുടെ തുടര്‍ പഠനത്തിനായി ഉപയോഗിക്കുമെന്ന് രഗുവീര്‍ അറിയിച്ചു.