നര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് മാണി സി കാപ്പന്‍ എംഎല്‍എ. കുട്ടികള്‍ മയക്കുമരുന്ന് ബന്ധങ്ങളില്‍പ്പെടരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്. ബിഷപ്പ് വിശ്വാസികളോടുനടത്തിയ പ്രസംഗം വിവാദമാക്കാന്‍ ശ്രമം നടക്കുന്നുവെന്നും മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു.

സര്‍ക്കാരും രാഷ്ട്രീയ പ്രവര്‍ത്തനകരും ഒറ്റക്കെട്ടായി നിന്ന് മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കമെന്നും എംഎല്‍എ പ്രതികരിച്ചു. ഏതെങ്കിലും ഒരു സമുദായത്തെ കുറിച്ചല്ല ബിഷപ്പിന്റെ പരാമര്‍ശമെന്നും ഏതെങ്കിലും മതത്തെ കുറിച്ചുള്ള പ്രസ്താവനയായി വിവാദമാക്കുകയാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം, ബിഷപ്പിന്റെ പരാമര്‍ശത്തില്‍ പുതിയ വിശദീകരണവുമായി പാല അതിരൂപത രംഗത്തെത്തി. ബിഷപ്പ് നല്‍കിയത് അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്നാണ് അതിരൂപതയുടെ നിലപാട്.

‘പരാമര്‍ശം ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. ആരെയും വേദനിപ്പിക്കാന്‍ ബിഷപ്പ് ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകള്‍ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് ഒരുമയോടെ മുന്നോട്ട് പോകാം’. പാല രൂപത സഹായ മെത്രാന്‍ ബിഷപ്പ് ജേക്കബ് മുരിക്കന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.