വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ സിമ്പു എന്ന എസ്ടിആര്‍ നായകനായി എത്തുന്ന മാനാടിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ദീപാവലി റിലീസായി നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തും. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രം വലിയ കാന്‍വാസിലാണ് ഒരുങ്ങിയത്. ഒരു യഥാര്‍ത്ഥ വ്യക്തിത്വത്തെ അധികരിച്ചാണ് സിമ്ബുവിന്‍റെ അബ്ദുള്‍ ഖാലിഖ് എന്ന കഥാപാത്രം രൂപപ്പെടുത്തിയിരിക്കുന്നത്. രജനികാന്തിന്‍റെ അണ്ണാത്തെയുമായിട്ടായിരിക്കും മാനാടിന്‍റെ പ്രധാന മത്സരം.

മൂന്ന് വര്‍ഷം മുമ്ബ് പ്രഖ്യാപിച്ച പ്രൊജക്റ്റ് സിമ്പുവിന്‍റെ ഉദാസീനതയും തിരക്കും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിമ്ബുവിനെ പുറത്താക്കി മറ്റൊരു താരത്തെ കൊണ്ടുവരാനായി ശ്രമിക്കുന്നുവെന്നും നിര്‍മാതാവ് സുരേഷ് കാമാച്ചി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്‍റെ അമ്മ കൂടി മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളുടെ ഫലമായി എസ്ടിആര്‍ തന്നെ നായകനായി ചിത്രം യാഥാര്‍ത്ഥ്യമായി.

എസ്‌എ ചന്ദ്രശേഖര്‍, കരുണാസ്, ഭാരതിരാജ, പ്രേംജി അമരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് റിച്ചാര്‍ഡ് എം നാഥന്‍ ക്യാമറ ചലിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയുടേതാണ് സംഗീതം. സ്റ്റണ്ട് സില്‍വ സംഘടനമൊരുക്കുന്നു.