ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. ബിജെപി ദേശിയ നേതൃത്വം സംസ്ഥാന നേതൃമാറ്റത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

വിജയ് രുപാണി സര്‍ക്കാര്‍ ഗുജറാത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ് രുപാണിയുടെ രാജിയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ പട്ടേല്‍, പാര്‍ത്ഥിപ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനാ പട്ടികയിലുണ്ട്.

2016 ഓഗസ്റ്റ് മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന നേതാവാണ് വിജയ് രുപാണി. ആനന്ദി ബെന്ഡ പട്ടേലിന് ശേഷമായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

ബിജെപി സംസ്ഥാന പ്രസിഡന്റായും വിജയ് രുപാണി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലേക്കെത്തിയത്.