കാബൂള്‍: രണ്ടു പതിറ്റാണ്ട്​ നീണ്ട അധിനിവേശ കാലത്ത്​ യു.എസ്​ സൈനികര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അഫ്​ഗാനികളെ അമേരിക്കയിലെത്തിക്കുന്ന നടപടി ആരംഭിച്ചു. ദ്വിഭാഷികളും മറ്റു സഹായികളുമായി പ്രവര്‍ത്തിച്ച 221 പേരടങ്ങിയ ആദ്യ വിമാനം ഡാളസ്​ വിമാനത്താവളത്തില്‍ ഇറങ്ങി. ഇവരില്‍ 57 കുട്ടികള്‍, 15 കുരുന്നുകള്‍ എന്നിവരുമുണ്ടായിരുന്നു.

അഫ്​ഗാനിലെ യു.എസ്​ അധിനിവേശത്തിന്​ സഹായം നല്‍കിയവര്‍ക്കു നേരെ താലിബാന്‍ പ്രതികാര സാധ്യത കണക്കിലെടുത്താണ്​ യു.എസിലെത്തിക്കുന്നത്​. സൈനിക പിന്‍മാറ്റ സമയത്ത്​ യു.എസ്​ ഭരണകൂടം ഉറപ്പുനല്‍കിയതായിരുന്നു ഇവരുടെ പുനരധിവാസം. അഫ്​ഗാന്‍ ജീവനക്കാര്‍ക്കൊപ്പം അവരു​െട കുടുംബങ്ങളെയും യു.എസിലെത്തിക്കുമെന്നാണ്​ വാഗ്​ദാനം.

വിസ നടപടികളും മറ്റും പൂര്‍ത്തിയാകുന്ന മുറക്ക്​ മറ്റുള്ളവര്‍ക്ക്​ കൂടി വൈകാതെ നാടുവിടാനാകും. 750 ജീവനക്കാരുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇവരുടെ കുടുംബങ്ങളടക്കം 1,750 പേര്‍ക്കാകും അവസരമെന്നും കഴിഞ്ഞ ദിവസം യു.എസ്​ സേന അറിയിച്ചു.