നീല ചിത്ര നിർമാണ കേസിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ബാങ്ക് അക്കൗണ്ടുകൾ മുംബൈ ക്രൈംബ്രാബ് പൊലീസ് കണ്ടുകെട്ടി. കാൺപൂർ കേന്ദ്രീകരിച്ചുള്ള ബാങ്കിലെ രണ്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം വിവിധ സർവ്വറുകളിലെ അശ്ലീല ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് രാജ് കുന്ദ്രയാണെന്ന് വിയാൻ കമ്പനിയിലെ ജീവനക്കാർ മൊഴി നൽകി. ഇതോടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വകുപ്പും രാജ് കുന്ദ്രക്ക് എതിരെ വരും. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴിയാണ് വിഡിയോ അപ്‌ലോഡ് ചെയ്തതെന്ന് ജീവനക്കാർ മൊഴി നൽകി. എഫ്.ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്തു. തുടർന്ന് ബോളി ഫെയിം എന്ന മറ്റൊരു ആപ്പിന് രൂപം നൽകിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നീലച്ചിത്ര നിർമാണ കേസിൽ നടി ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര ജൂലൈ 19 നാണ് അറസ്റ്റിലായത്.