രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം അസ്തമിക്കുമ്ബോഴും കേരളത്തില്‍ കേസുകളുടെ എണ്ണം കുറയാതെ നില്‍ക്കുകയാണ്. ടി പി ആറിലും കുറവ് വരാതിരുന്നതോടെ പ്രതിരോധത്തിലെ പിഴവാണ് കാരണമെന്ന ആരോപണം പ്രതിപക്ഷമടക്കം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയാണ് ഡോ.ഇക്ബാല്‍

ഒന്നാം തരംഗത്തെ ഫലപ്രദമായി പിടിച്ചുകെട്ടിയതിനാല്‍ കേരളത്തില്‍ കുറച്ച്‌ പേര്‍ക്കു മാത്രമേ രോഗം ബാധിച്ചിരുന്നുള്ളു, എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി. ഇതിനാല്‍ അവര്‍ക്ക് സ്വാഭാവികമായി പ്രതിരോധ ശേഷി കൈവന്നു. ഇത് കൂടാതെ രണ്ടാം തരംഗത്തില്‍ ഡെല്‍റ്റാ വൈറസുകളുടെ ആക്രമണ ശേഷി കൂടിയതും കേരളത്തില്‍ രണ്ടാം തരംഗം കൂടുതല്‍ രോഗികള്‍ ഉണ്ടാവാന്‍ കാരണമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഐ സി എം ആര്‍ സീറോ പ്രിവലന്‍സ് പഠനഫലം: കേരളം: നേട്ടങ്ങളും വെല്ലുവിളികളും

ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ സി എം ആര്‍) 2021, ജൂണ്‍ അവസാനത്തിലും ജൂലൈ ആദ്യത്തിലുമായി നടത്തിയ നാലാമത് സീറോ പ്രിവലന്‍സ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സാമ്ബിളിങ് പ്രകാരം തെരഞ്ഞെടുക്കപ്പെവരുടെ രക്തത്തിലുള്ള ആന്റിബോഡീ സാന്നിധ്യം നിര്‍ണ്ണയിക്കുകയാണ് സീറോ പ്രിവലന്‍സ് സര്‍വേയിലൂടെ നടത്തുന്നത്, രോഗം വന്ന് ഭേദമായവരിലും വാക്സിന്‍ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സീറോ പ്രിവലന്‍സ് പഠനത്തിലൂടെ സമൂഹത്തില്‍ എത്രശതമാനം പേര്‍ക്ക് രോഗപ്രതിരോധശേഷി ആര്‍ജ്ജിക്കാന്‍ കഴിഞ്ഞെന്ന് ഇതിലൂടെ കണ്ടെത്താന്‍ കഴിയും. സീറോ പോസിറ്റിവിറ്റിയും ഇതികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റിയും താരതമ്യം ചെയ്ത് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്ന ടെസ്റ്റിഗ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും ഇതിലൂടെ കഴിയും.

21 സംസ്ഥാനങ്ങളില്‍ നിന്നുള്ള 70 ജില്ലകളിലായി, 100 ആരോഗ്യപ്രവര്‍ത്തകരടക്കം ശരാശരി 400 പേര്‍ ഓരോ ജില്ലയില്‍ നിന്നും, എന്ന ക്രമത്തില്‍ ആറുവയസ്സിനും മുകളിലുള്ള 28,975 പേരിലാണ് ടെസ്റ്റ് നടത്തിയത്, ടെസ്റ്റിംഗ് ഫലമനുസരിച്ച്‌ രാജ്യത്ത് 67.7 ശതമാനം സീറോ പോസിറ്റിവിറ്റിയാണ് കണ്ടത്. അതായത് രാജ്യത്ത് മൂന്നില്‍ രണ്ട് പേര്‍ക്കും രോഗപ്രതിരോധം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്, എന്നാല്‍ അവശേഷിച്ച മൂന്നിലൊന്ന് അതായത് 40 കോടി ജനങ്ങള്‍ ഇപ്പോഴും രോഗപ്രതിരോധം ലഭിക്കാതെ രോഗസാധ്യതയുള്ളവരായി തുടരുന്നു എന്നും പഠനം വ്യക്തമാക്കുന്നു., ഇവരെ അതിവേഗം വാക്സിനേറ്റ് ചെയ്യാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു. ഇവര്‍ക്ക് രോഗം വരാതെ നോക്കാന്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമാക്കയും വേണം.

കേരളത്തില്‍ തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്.. 44.4% മാണ് ഈ ജില്ലകളില്‍ നിന്നുള്ള ഫലമനുസരിച്ച്‌ സംസ്ഥാനത്തെ സീറോ പോസിറ്റിവിറ്റി. കേരളത്തില്‍ ഏതാണ്ട് അമ്ബത് ശതമാനം പേര്‍ക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണിത് കാണിക്കുന്നത്, മാത്രമല്ല രാജ്യത്ത് 28 ല്‍ ഒരാളിലാണ് രോഗം കണ്ടെത്താന്‍ കഴിഞ്ഞതെങ്കില്‍ കേരളത്തില്‍ അഞ്ചില്‍ ഒരാളില്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്,

രോഗം ബാധിച്ചവരില്‍ കൂടുതലാ:ളുകളെ കണ്ടെത്താന്‍ കഴിഞ്ഞത് കൊണ്ട് എല്ലാവര്‍ക്കും ഉചിതമായ ചികിത്സ കാലേകൂട്ടി നല്‍കാന്‍ നമുക്ക് കഴിഞ്ഞു. രണ്ടാം തരംഗത്തിലും കോവിഡ് ആശുപത്രികളിലും ഐ സി യു വുകളിലുമായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം 25,000 ആയി പരിമിതപ്പെടുത്താന്‍ കഴിഞ്ഞു. ഒരു ഘട്ടത്തിലും ചികിത്സ സൌകര്യങ്ങള്‍ക്കുപരിയായി രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടില്ല. (Flattening of the Curve കൈവരിക്കുന്നതില്‍ കേരളം വിജയിച്ചു.). സ്വാഭാവികമായും മരണനിരക്കും കേരളത്തില്‍ കുറവാണ്.

ഒന്നാം ഘട്ട രോഗവ്യാപന കാലത്തെ നമ്മുടെ രോഗ്ഗപ്രതിരോധ നടപടികളുടെ വിജയംമൂലം വലിയൊരു വിഭാഗം ജനങ്ങള്‍ രോഗം ബാധിക്കാതെ രോഗവ്യാപന സാധ്യതയുള്ളവരായിരുന്നത് കൊണ്ടും (Susceptible Population) വ്യാപനസാധ്യത കൂടുതലുള്ള ഡല്‍റ്റവൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കേരളത്തില്‍ വര്‍ധിച്ച്‌ നില്‍ക്കുന്നത്. ഇതിനകം 18 വയസ്സിന് മുകളിലുള്ള 50% ശതമാനത്തിന് ഒരു ഡോസ് വാക്സിന്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് കൂടി അതിവേഗം വാക്സിനേഷന്‍ നടത്താന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ 70% പേര്‍ക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യപ്രതിരോധശേഷി (Herd Immunity) കൈവരിച്ച്‌ നമുക്ക് കോവിഡിനെ ഏതാണ്ട് പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കാന്‍ കഴിയും