സഞ്ചാരം പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് ജോര്‍ജ് കുളങ്ങര, ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടറും ആര്‍ദ്രം മിഷന്‍ മുന്‍ കണ്‍സല്‍ട്ടന്റുമായ ഡോ. പികെ ജമീല അടക്കം ഏഴ് അംഗങ്ങളെ ഉള്‍പ്പെടുത്തി സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുനസംഘടിപ്പിച്ചു. മുന്‍ മന്ത്രി എകെ ബാലന്റെ ഭാര്യയായും പരേതനായ മുന്‍ എംപി പികെ കുഞ്ഞച്ചന്റെ മകളുമായ പികെ ജമീല ആസൂത്ര ബോര്‍ഡിലേക്ക് നിയമിച്ച നാല് വിദഗ്ധ അംഗങ്ങളില്‍ ഉള്‍പ്പെടുന്നയാളാണ്. കേരള സര്‍വ്വകലാശാലയുടെ വിമന്‍സ് സ്റ്റഡീസ് മേധാവി പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു പി. അലക്സ്, ഡോ. കെ രവിരാമന്‍ എന്നിവരാണ് മറ്റ് വിദഗ്ധാംഗങ്ങള്‍. സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കൊപ്പം പാര്‍ട്ട് ടൈം വിദഗ്ധരായി പ്രൊഫ. ആര്‍ രാമകുമാര്‍, വി. നമശിവായം എന്നിവരെയുമാണ് മന്ത്രിസഭ പാര്‍ട്ട് ടൈം വിദഗ്ധരായി നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്തുള്ളത്. പ്രൊഫ. വി.കെ. രാമചന്ദ്രന്‍ വൈസ് ചെയര്‍മാനാണ്. പ്രൊഫസര്‍ കെ രാമചന്ദ്രന്‍, പികെ ജമീല, മിനി കുമാര്‍, ജിജു പി അലക്‌സ്, രാമകുമാര്‍ എന്നിവര്‍ സിപിഐഎം നോമിനികളാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായാണ് ബോര്‍ഡിലേക്ക് സന്തോഷ് ജോര്‍ജ് കുളങ്ങര എത്തുന്നത്.