വാഷിംഗ്ടണ്‍: ആസിയാന്‍ മേഖലയില്‍ സഹകരണം ശക്തമാക്കി അമേരിക്ക. മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായിട്ടാണ് അമേരിക്ക വാണിജ്യപ്രതിരോധ മേഖലയില്‍ പങ്കാളിത്തം ഉറപ്പിക്കുന്നത്. അമേരിക്കയുടെ വ്യാപാര വാണിജ്യ സഹകരണത്തിനെതിരെ ചൈന പ്രസ്താവന ഇറക്കിയിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ ഇടപെടല്‍ നിയമലംഘനമാണെന്നാണ് ചൈനയുടെ വാദം. ആസിയാന്‍ മേഖലയിലെ ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ചാണ് അമേരിക്കയുടെ നീക്കം.

പസഫിക് കേന്ദ്രീകരിച്ച്‌ പ്രതിരോധം ശക്തമാക്കിയ അമേരിക്ക നീക്കത്തെ ചൈന അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെ അധിനിവേശ സ്വഭാവമാണ് അമേരിക്ക ദ്വീപ് രാജ്യങ്ങളുടെ മേല്‍ കാണിക്കുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. മ്യാന്‍മറിലും അഫ്ഗാനിലും അമേരിക്ക നയതന്ത്രമായ നീക്കം നടത്തുന്നതിനോടും ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അമേരിക്ക ടിബറ്റന്‍ വിഷയത്തിലും ഇടപെടുന്നതും ചൈന വീക്ഷിക്കുന്നുണ്ട്.

അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും രാജ്യങ്ങളുമായി വിവിധ വിഷയങ്ങളില്‍ ബന്ധപ്പെട്ടു. ഏഷ്യന്‍ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും ഭാവിയിലും വാണിജ്യ പ്രതിരോധ സഹായം നല്‍കുമെന്നും അമേരിക്ക അറിയിച്ചു.