ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയന്‍. ആദ്യകാലങ്ങളില്‍ അധികം ആരാലും ശ്രദ്ധിക്കാതെ മുന്നോട്ട് പോയിരുന്ന താരം ‘ചോല’ എന്ന ചിത്രത്തിലൂടെയാണ് പലരുടെയും ലിസ്റ്റിലെ ‘മികച്ച നടി’ എന്ന കാറ്റഗറിയിലേക്ക് എത്തപ്പെട്ടത്. പിന്നീട് നിമിഷ തിരഞ്ഞെടുത്ത സിനിമകളെല്ലാം കാലിക പ്രസക്തി ഉള്ളവയായിരുന്നു. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ മുതല്‍ ‘മാലിക്ക്’ വരെ എത്തിനില്‍ക്കുമ്ബോള്‍ നിമിഷയെ കുറിച്ച്‌ ആരാധകരും വിമര്‍ശകരും ഒരുപോലെ പറയുന്നത് ‘നിമിഷയുടെ നിസംഗ ഭാവ’ത്തെ കുറിച്ചാണ്.

മാലിക്കിലെ അഭിനയത്തിനു പിന്നാലെ നിമിഷയെ പരിഹസിച്ചും ട്രോളുമായും നിരവധി പേര് രംഗത്ത് വന്നിരുന്നു. എന്നാല്‍, നിമിഷക്കെതിരെ സൈബര്‍ ആക്രമണവും ലുക്ക് ഇല്ല, ഒരേ ഭാവം ആണെന്നുള്ള കളിയാക്കലുകള്‍ ഒക്കെ തുടങ്ങിയത് ജിയോ ബേബിയുടെ ‘മഹത്തായ ഇന്ത്യന്‍ അടുക്കള’ എന്ന പടം ഇറങ്ങിയത് ശേഷം ആണെന്ന കണ്ടെത്തലിലാണ് സോഷ്യല്‍ മീഡിയ. ‘ആ സിനിമയില്‍ അവസാനം നിമിഷ ഒഴിച്ച വെള്ളം പലരുടെയും മുഖത്ത് നിന്ന് ഇപ്പോഴും പോയിട്ടില്ലെന്നു മാത്രം അല്ല, നല്ല വണ്ണം പൊള്ളുകയും ചെയ്തിട്ടുണ്ട്’ എന്നാണു സിനിമ ഗ്രൂപ്പുകളിലെ ചര്‍ച്ചാ വിഷയം.

ഏത് ദുര്‍ഘട ഘട്ടത്തിലും പൊട്ടിച്ചിരിച്ച്‌ അമ്മൂമ്മക്കിളി വായാടീ എന്നു പാടി ഓടിച്ചാടി വരാന്‍ പ്രിയദര്‍ശന്‍ സിനിമയായ ചന്ദ്രലേഖയിലെ ലേഖയായ പൂജാ ബന്ദ്രയല്ലല്ലോ മഹേഷ് നാരായണന്റെ മാലിക്കിലെ റോസ്‌ലിനായ നിമിഷ സജയന്‍ എന്ന രജിത് ലീല രവിന്ദ്രന്റെ കമന്റും ശ്രദ്ധേയമാകുന്നു. വളരെ മികച്ച അഭിനേത്രിയും, കഥാപാത്രം ആവശ്യപ്പെടുന്ന ഭാവങ്ങള്‍ തിരശീലയില്‍ ദൃശ്യമാക്കുന്ന നടിയുമാണ് നിമിഷയെന്നാണ് യുവാവ് കുറിക്കുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്നതില്‍ ആശങ്കപ്പെട്ട് ആഘോഷങ്ങള്‍ക്കിടയില്‍ ചുമരും ചാരി നില്‍ക്കുമ്ബോളുള്ള ഭാര്യയുടെ മുഖം വലിഞ്ഞു മുറുകിയതാകുന്നതില്‍ എന്ത് അസ്വാഭാവികത എന്നാണു ഇദ്ദേഹം ചോദിക്കുന്നത്.

നിമിഷയുടെ കഥാപാത്രങ്ങളൊന്നും തന്നെ ചിരിക്കുന്നില്ല, ഇവരെ സ്‌ക്രീനില്‍ കാണുമ്ബോഴേ സങ്കടം വരും തുടങ്ങിയ അഭിപ്രായമാണ് നിമിഷയെ കുറിച്ച്‌ അടുത്തിടെയായി ഉയര്‍ന്നു കേള്‍ക്കുന്നത്. നിമിഷയ്ക്ക് നേരെ ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന ചിത്രത്തിന് ശേഷമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഇതോടൊപ്പം, നിമിഷയുടെ ചില നിലപാടുകളും ഈ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, സിനിമ പാരഡിസോ ക്ലബിലെ ഈ പോസ്റ്റിനെ പ്രതികൂലിച്ചും നിരവധി പേര് രംഗത്തുണ്ട്. ‘മോഹന്‍ലാല്‍ ഒക്കെ വണ്ണത്തിന്റെ പേരില്‍ ഇത്രെയും ബോഡി ഷൈമിങ് ല്‍ പെടുന്ന ഈ നാട്ടില്‍ പല്ല് വേദന വന്നിട്ട് നീര് വച്ച മുഖവും ആയി അഭിനയിക്കുന്ന ഇവളെ കുറച്ച്‌ കുറ്റം പറഞ്ഞാല്‍ അത് സൈബര്‍ അറ്റാക്ക് ല്ലേ’ എന്നാണു ഒരാള്‍ ചോദിക്കുന്നത്. ‘അതെന്താണ് വിമര്‍ശിക്കാന്‍ പാടില്ലേ? അതെങ്ങനെയാണ് സൈബര്‍ ആക്രമണം ആകുന്നത്? അവരുടെ അഭിനയം ഇഷ്ടമാണ് പക്ഷേ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്ബോള്‍ എങ്ങനെയാണ് best എന്നൊക്കെ പറയാന്‍ പറ്റുന്നത്, വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യട്ടെ എന്നാലല്ലേ ഒരാളുടെ റേഞ്ച് മനസ്സിലാകൂ’ എന്നാണു മറ്റൊരാളുടെ അഭിപ്രായം.